ജെ.എൻ.യുവിന് രാഷ്ട്രപതിയുടെ പുരസ്കാരം

ന്യൂഡല്‍ഹി: ജവഹർ ലാൽ നെഹ്റു സർവകലാശാലക്ക് മികവിനുള്ള പുരസ്കാരം. രാഷ്ട്രപതി ഏർപ്പെടുത്തിയ മൂന്ന് അവാർഡുകളിൽ രണ്ടെണ്ണമാണ് ജെ.എൻ.യു സ്വന്തമാക്കിയത്. ഇന്നൊവേഷന്‍, ഗവേഷണം എന്നീ മേഖലകളിലെ മികവിനാണ് പുരസ്കാരം. ഞായറാഴ്ചയാണ് രാഷ്ട്രപതിഭവൻ അവാർഡുകൾ പ്രഖ്യാപിച്ചത്.

മികച്ച സര്‍വകലാശാലക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയത് അസമിലെ തേസ്പുര്‍ സര്‍വകലാശാലയാണ്. മോളിക്കുലാര്‍ പാരസൈറ്റോളജി വിഭാഗം പ്രൊഫസര്‍ രാകേഷ് ഭട്‌നാഗറുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളാണ് സര്‍വകലാശാലയെ അംഗീകാരത്തിന് അര്‍ഹമാക്കിയത്.

ആന്ത്രാക്‌സിനെതിരായ വാക്‌സിനും ആന്‍റിബോഡിയുമാണ് ഭട്‌നാഗറുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചതെന്ന് രാഷ്ട്രപതിയടെ ഓഫിസ് അറിയിച്ചു. മലേറിയക്കെതിരെ പ്രൊഫ. അലോക് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളും പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ട്. ജെ.എന്‍.യു കാമ്പസില്‍ ഫിബ്രവരി 9 ന് നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷനാണ് പ്രൊഫ. ഭട്‌നാഗര്‍.

കാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന സമരങ്ങളിലൂടെയാണ് ജെ.എൻ.യു രാജ്യത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.