ആശുപത്രികളുടെ കച്ചവടവും ചൂഷണവും തടയാന്‍ ശിപാര്‍ശകളുമായി പാര്‍ലമെന്‍റ് സമിതി

ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ രോഗചികിത്സ, മരുന്നു കുറിക്കല്‍, ശസ്ത്രക്രിയ, പരിശോധനകള്‍ എന്നിവയിലെ ചൂഷണം നിയന്ത്രിക്കാന്‍ പാകത്തില്‍ മെഡിക്കല്‍ പ്രാക്ടിസ് സ്വതന്ത്രമായ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് പാര്‍ലമെന്‍റിന്‍െറ സ്റ്റാന്‍ഡിങ് കമ്മിറ്റി ശിപാര്‍ശ. മരുന്നു കമ്പനികളുടെയും ആശുപത്രി മാനേജ്മെന്‍റിന്‍െറയും പ്രേരണക്കു വഴങ്ങി അനുചിതമായ മരുന്നു കുറിക്കലും രോഗനിര്‍ണയ പരിശോധനകളും വിധിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും അനാവശ്യ ചികിത്സ വിധിക്കുന്ന സ്വകാര്യ ക്ളിനിക്കല്‍ സ്ഥാപനങ്ങളെ ഓഡിറ്റിങ് വഴി നിയന്ത്രിക്കണമെന്നും സമിതി നിര്‍ദേശിച്ചു. മൂല്യങ്ങളും നിലവാരവും കാറ്റില്‍പറത്തി ചികിത്സയും മെഡിക്കല്‍ വിദ്യാഭ്യാസവും വെറും കച്ചവടമായി തരംതാണത് ചൂണ്ടിക്കാട്ടി നിരവധി നിര്‍ദേശങ്ങളാണ് രാംഗോപാല്‍ യാദവ് അധ്യക്ഷനായ സഭാ സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. സമിതിയില്‍ കേരളത്തില്‍നിന്ന് എം.കെ. രാഘവന്‍, ടി.എന്‍. സീമ എന്നിവര്‍ അംഗങ്ങളായിരുന്നു. 

പ്രധാന നിര്‍ദേശങ്ങള്‍: 

  • ആരോഗ്യരംഗത്തെ വാണിജ്യവത്കരണവും സ്വകാര്യ ആശുപത്രികളുടെ അധാര്‍മികതകളും സംബന്ധിച്ച പരാതി കൈകാര്യംചെയ്യാന്‍ ആസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലെന്നപോലെ പ്രത്യേക സദാചാര സമിതി ഉണ്ടാകണം. 
  • 1963നും 2009നുമിടയില്‍ 109 ഡോക്ടര്‍മാരെ മാത്രമാണ് കരിമ്പട്ടികയില്‍ പെടുത്തിയത്. 
  • അനാവശ്യ മരുന്ന്, ശസ്ത്രക്രിയ എന്നിവയിലൂടെ രോഗികളെ പീഡിപ്പിച്ച്, ഡോക്ടര്‍മാരെ അവിശ്വസിക്കുന്ന സ്ഥിതി സമൂഹത്തില്‍ ഉണ്ടാക്കുന്നവര്‍ക്ക് സദാചാര സമിതി കൂച്ചുവിലങ്ങിടണം. 
  •  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന രീതി പൊളിച്ചെഴുതണം. 
  • കൗണ്‍സിലിലെ പകുതി അംഗങ്ങള്‍ വാണിജ്യവത്കരിക്കപ്പെട്ട കോര്‍പറേറ്റ്, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളാണ്. 
  • ഇത് പൊതുതാല്‍പര്യത്തിന് നിരക്കുന്നതല്ളെന്നിരിക്കെ, നോമിനേഷന്‍ രീതികള്‍ മാറ്റി യോജിച്ചവരെ കണ്ടത്തൊന്‍ മെഡിക്കല്‍ കൗണ്‍സിലിലേക്ക് സുതാര്യമായ സെലക്ഷന്‍ രീതി കൊണ്ടുവരണം. 
  •  ഡോക്ടര്‍മാരുടെ ക്ഷാമം കണക്കിലെടുത്ത് ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളജാക്കണം. 
  • മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനുള്ള ഭൂമിയും സൗകര്യവും സംബന്ധിച്ച വ്യവസ്ഥ, പാവപ്പെട്ടവര്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശം നേടാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാക്കുന്നു. 
  • അടിസ്ഥാന ചികിത്സയില്‍ വൈദഗ്ധ്യം കിട്ടുന്ന വിധം അണ്ടര്‍ഗ്രാജ്വേറ്റ്, പി.ജി കോഴ്സുകളുടെ രീതികള്‍ മാറ്റണം. 
  •  എം.ബി.ബി.എസ് പ്രവേശത്തില്‍ തലവരി തടയണം. 
  • മെഡിക്കല്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ പൊതു പ്രവേശപരീക്ഷ നടത്തി സീറ്റുവില്‍പന തടയണം. 
  • 50-60 ലക്ഷം രൂപ മുടക്കാനുള്ള കഴിവല്ല, മെറിറ്റായിരിക്കണം യോഗ്യത. 
  • പഠിച്ചവരുടെ കഴിവ് പരീക്ഷിക്കുന്ന വിധം എം.ബി.ബി.എസിനും പി.ജിക്കും എന്‍ട്രന്‍സ് ടെസ്റ്റ് പോലെ എക്സിറ്റ് ടെസ്റ്റും ഏര്‍പ്പെടുത്തണം. 
  • മെഡിക്കല്‍ കോളജ് തുടങ്ങാന്‍ അനുമതി നല്‍കുന്ന മെഡിക്കല്‍ കൗണ്‍സില്‍ തന്നെ, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരത്തിന് വിധിയെഴുതുന്നത് ശരിയല്ല. 
  • അധ്യാപന ഗുണനിലവാരം പരിശോധിക്കുന്ന വിധം ദേശീയ തലത്തില്‍ സ്വയംഭരണ സ്വഭാവത്തോടെ പ്രത്യേക അക്രഡിറ്റേഷന്‍ സ്ഥാപനം രൂപവത്കരിക്കണം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.