രാജ്യദ്രോഹപരാമർശത്തിനെതിരെ കനയ്യക്കെതിരെ വീണ്ടും പരാതി

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ജെ.എന്‍. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ബി.ജെ.പി യുവജനവിഭാഗമായ യുവമോർച്ചയുടെ പരാതി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജെ.എൻ.യു കാമ്പസില്‍ കനയ്യ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഭാരതീയ ജനത യുവമോര്‍ച്ച രംഗത്തെത്തിയിരിക്കുന്നത്.

മാർച്ച് 8ന് കാമ്പസിൽ നടത്തിയ പ്രസംഗത്തിനിടെ, കശ്മീരിലെ യുവതികളെ ഇന്ത്യന്‍ സൈന്യം ബലാല്‍സംഗം ചെയ്യുന്നുണ്ടെന്ന പരാമർശത്തിനെതിരെയാണ് പരാതി.  സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരേയും കനയ്യ കുമാര്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

‘എത്ര തടയാന്‍ ശ്രമിച്ചാലും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഞങ്ങള്‍  പ്രതികരിക്കും. അഫ്‌സ്പ നിയമത്തിനെതിരെ ശബ്ദമുയര്‍ത്തും. ഇന്ത്യന്‍ സൈന്യത്തോട് ആദരവുണ്ടെങ്കിലും കാശ്മീരില്‍ സ്ത്രീകള്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട് എന്ന വസ്തുതയെക്കുറിച്ച് സംസാരിക്കും" എന്നായിരുന്നു കനയ്യ കുമാര്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

‘യുദ്ധസമയത്ത് റുവാണ്ടയില്‍ 1000 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ആഫ്രിക്കയില്‍ വംശീയ സംഘര്‍ഷത്തിനിടെ സൈന്യം ഒരു വിഭാഗം ജനങ്ങളെ ആക്രമിക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഗുജറാത്ത് കലാപത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നതിന് മുമ്പ് അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു’- കനയ്യ കുമാര്‍ പറഞ്ഞു.
കനയ്യ കുമാറിന്‍റെ പരാമര്‍ശം ദേശവിരുദ്ധമാണെന്നും ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും വസന്ത് വിഹാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവമോര്‍ച്ച പറയുന്നു.

ജെ.എൻ.യുഅധ്യാപക നിവേദിത മേനോനെതിരെയും യുവമോര്‍ച്ച പരാതി നല്‍കിയിട്ടുണ്ട്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും അനധികൃതമായി കൈയേറിയതാണ് കാശ്മീരെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നുമാണ് നിവേദിത മേനോന്‍ പറഞ്ഞത്. ഫെബ്രുവരി 22ന് കാമ്പസിൽ നടന്ന പരിപാടിയിലാണ് നിവേദിത ഇക്കാര്യം പറഞ്ഞത്. എന്നാൽ രാജ്യദ്രോഹപരമായി താനൊന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് നിവേദിത മേനോൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.