ന്യൂഡല്‍ഹി: 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍നിന്ന് നേതൃത്വം നല്‍കുന്ന ജഡ്ജി പിന്മാറി. കാരണമൊന്നും വ്യക്തമാക്കാതെയാണ് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഗോപാല ഗൗഡ പിന്മാറിയത്. പുതിയ ബെഞ്ചിന്‍െറ കാര്യത്തില്‍ ഇനി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ തീരുമാനമെടുക്കും. ബാബരി ധ്വംസനകേസിലെ നിയമനടപടി നീണ്ടുപോകാന്‍ കാരണമാകുന്നതാണ് നടപടി.
എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി റിതംബര, വി.എച്ച്. ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, സതീശ് പ്രധാന്‍, സി.ആര്‍. ബന്‍സല്‍, ആര്‍.വി. വേദാന്തി, പരമഹംസ് രാം ചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍. ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരം ദാസ്, സതീശ് നഗര്‍, മൊരേശ്വര്‍ സാവെ എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ പ്രധാന പ്രതികളായ കേസ് പരിഗണിക്കുന്നതില്‍നിന്നാണ് ജസ്റ്റിസ് വി. ഗോപാല ഗൗഡ പിന്മാറിയത്.
രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരവും, ദേശീയ അഖണ്ഡതക്ക് ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 153 ബി പ്രകാരവും കലാപമുണ്ടാക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനും തെറ്റായ പ്രസ്താവനകള്‍ നടത്തുകയും ഊഹങ്ങള്‍ പടച്ചുണ്ടാക്കുകയും ചെയ്തതിന് 505ാം വകുപ്പ് പ്രകാരവുമാണ് ഈ നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. പ്രധാന പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം സി.ബി.ഐ പിന്നീടാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, ഇതില്‍ പിടിച്ച് പ്രത്യേക കോടതിയും അലഹബാദ് ഹൈകോടതിയും അദ്വാനിയടക്കമുള്ള സംഘ്പരിവാര്‍ നേതാക്കളെ ഗൂഢാലോചനാ കുറ്റത്തില്‍നിന്ന് ഒഴിവാക്കിക്കൊടുത്തിരുന്നു. ഇതിനെതിരെ ഹാജി മഹ്ബൂബ് അഹ്മദും സി.ബി.ഐയും സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്.
ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ നടപടിക്കെതിരെ അപ്പീല്‍ പോവാന്‍ വൈകിയതിന് സി.ബി.ഐയെ നേരത്തേ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് ഗോപാല ഗൗഡക്ക് പുറമെ ജസ്റ്റിസ് അരുണ്‍മിശ്രയാണ് ബെഞ്ചിലുള്ളത്. പള്ളി തകര്‍ത്ത സംഭവത്തില്‍ രണ്ടു കേസുകളാണ് സി.ബി.ഐ അന്വേഷിച്ചത്. കര്‍സേവകര്‍ പള്ളി തകര്‍ക്കുമ്പോള്‍ അക്രമികളെ പ്രോത്സാഹിപ്പിച്ച മുതിര്‍ന്ന വി.എച്ച്.പി, ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഒരു കേസും പങ്കാളികളായ ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കെതിരെ മറ്റൊരു കേസും.
1949 ഡിസംബര്‍ 23ന് രാത്രി ദുരൂഹ സാഹചര്യത്തില്‍ വിഗ്രഹം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിയമക്കുരുക്കിലായ ബാബരി മസ്ജിദിനോട് തൊട്ട് ചേര്‍ന്നുകിടക്കുന്ന 32 ഏക്കര്‍ ഭൂമി 1990ല്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പിക്ക് കൈമാറി. ഈ തര്‍ക്കഭൂമിയിലേക്ക് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് കര്‍സേവകരെ വിളിച്ചുവരുത്തിയാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.