മുംബൈ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ തിരുകിക്കയറ്റിയതില്‍ പ്രതിഷേധിച്ച് നടന്ന വിദ്യാര്‍ഥി സമരത്തിനിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഘെരാവോ ചെയ്ത സംഭവത്തില്‍ ഏഴു മലയാളികള്‍ അടക്കം 35 വിദ്യാര്‍ഥികള്‍ക്ക് എതിരെ പുണെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്.
തൃശൂര്‍ സ്വദേശികളായ അജയന്‍ അടാട്ട്, രഞ്ജിത് നായര്‍, കണ്ണൂര്‍ സ്വദേശികളായ ജെ.കെ. ഷിനി, ജിതിന്‍ ദാസ്, കോഴിക്കോട് സ്വദേശി ഷാനെറ്റ് ഷിജൊ, കൊല്ലം സ്വദേശി അന്‍വര്‍ ശംസുദ്ദീന്‍, തിരുവനന്തപുരം നിവാസി ഹിലാല്‍ സവാദ് എന്നിവരാണ് കേസിലെ മലയാളികള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് റെജിസ്ട്രാര്‍ യു.സി. ബൊഡാകെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തേ മുന്‍കൂര്‍ ജാമ്യം നേടിയ 12 പേര്‍ക്കും കഴിഞ്ഞ ദിവസം പുതുതായി പ്രതിചേര്‍ക്കപ്പെട്ട 18 പേര്‍ക്കും പുണെ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ്.എസ്. ബാങ്കഡെ ജാമ്യം നല്‍കി. അടുത്ത മാസം രണ്ടിനാണ് വാദം കേള്‍ക്കല്‍.
ഗജേന്ദ്ര ചൗഹാനെ ഭരണസമിതി അധ്യക്ഷനും മറ്റു നാലുപേരെ അംഗങ്ങളും ആക്കിയതിന് എതിരെ കഴിഞ്ഞ ജൂണ്‍ മുതല്‍ 139 ദിവസമാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടന്നത്. സമരം ഒതുക്കുന്നതിന്‍െറ ഭാഗമായി 2008 ബാച്ചിലെ വിദ്യാര്‍ഥികളെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നീക്കംചെയ്യാന്‍ കേന്ദ്രം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ആഗസ്ത് 17ന് വിദ്യാര്‍ഥികള്‍ ഡയറക്ടറെ ഘെരാവോ ചെയ്ത് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ തന്നെ തടഞ്ഞെന്നും ഓഫിസ് ആക്രമിച്ചെന്നും ഡയറകടര്‍ പ്രശാന്ത് പത്രാബെ പുണെ പൊലീസിന് പരാതി നല്‍കി. 17 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് 18ന് അര്‍ധരാത്രി കാമ്പസില്‍ കയറി അജയന്‍ അടാട്ട് അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ ജാമ്യം നേടുകയും 12 പേര്‍ മുന്‍കൂര്‍ ജാമ്യം നേടുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 18 പേരെക്കൂടി പൊലീസ് പ്രതിചേര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.