ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ അഞ്ച് എം.പിമാര്‍ ഉള്‍പ്പെട്ട കോഴക്കേസ് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, സഭാ സദാചാര സമിതിയുടെ അന്വേഷണത്തിന് വിട്ടു. എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള 15 അംഗ എത്തിക്സ് കമ്മിറ്റി അന്വേഷിക്കുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. മലയാളിയായ മാത്യു സാമുവലിന്‍െറ നേതൃത്വത്തിലുള്ള നാരദാ ഡോട്ട് കോം ആണ് ഒളികാമറ പ്രയോഗത്തിലൂടെ തൃണമൂല്‍ നേതാക്കള്‍ കോഴവാങ്ങുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാര്‍ലമെന്‍റിന്‍െറ അന്തസ്സിടിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. വ്യാജ സ്വകാര്യ സ്ഥാപനത്തെ സഹായിക്കാന്‍ കോഴ വാങ്ങിയതിന്‍െറ ഒളികാമറ ദൃശ്യങ്ങളില്‍ കുടുങ്ങിയ 10 ലോക്സഭാംഗങ്ങളുടെയും ഒരു രാജ്യസഭാംഗത്തിന്‍െറയും അംഗത്വം 2005ല്‍ എത്തിക്സ് കമ്മിറ്റി നിര്‍ദേശപ്രകാരം റദ്ദാക്കിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ കുടുങ്ങിയവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇതേ നടപടി ഉണ്ടാവും.
സ്പീക്കറുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ടി.എം.സിയിലെ സൗഗത റോയ് കുറ്റപ്പെടുത്തി. ഇതൊരു കീഴ്വഴക്കമാക്കിയാല്‍, പരിശോധിക്കാത്ത ഒളികാമറ ദൃശ്യങ്ങള്‍വെച്ച് ആര്‍ക്കെതിരെയും അന്വേഷണം നടത്താമെന്ന സ്ഥിതിവരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്പീക്കര്‍ ഈ വാദം തള്ളി. അഞ്ച് എം.പിമാര്‍ അടക്കം 12 പേര്‍ ലക്ഷങ്ങള്‍ കോഴവാങ്ങുന്നതിന്‍െറ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവന്നത് നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവയുടെ ആക്രമണം നേരിടുകയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി. തൃണമൂലിനെതിരായ നീക്കത്തിന് കഴിയുന്നത്ര മൂര്‍ച്ചകൂട്ടുകയാണ് പ്രധാന പ്രതിയോഗിയായ സി.പി.എം. കോഴക്കേസിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിനിധി സംഘം തെരഞ്ഞെടുപ്പു കമീഷന്‍ അംഗങ്ങളെ കണ്ടു. കോഴ വാങ്ങുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ പശ്ചിമബംഗാളിന്‍െറ മുക്കുമൂലകളില്‍ വലിയ സ്ക്രീനില്‍ കാണിക്കാന്‍ പ്രത്യേക ക്രമീകരണം സി.പി.എം ഏര്‍പ്പെടുത്തുന്നുണ്ട്. തൃണമൂലിനെതിരായ കോഴക്കേസ് ലോക്സഭക്കൊപ്പം രാജ്യസഭയിലും ബുധനാഴ്ച ഒച്ചപ്പാട് ഉയര്‍ത്തി.
മാത്യു സാമുവലും ആരോപണ കുരുക്കില്‍
ന്യൂഡല്‍ഹി: അഞ്ച് എം.പിമാര്‍ ഉള്‍പ്പെടെ ഡസനോളം തൃണമൂല്‍ നേതാക്കള്‍ പണം കൈപ്പറ്റുന്നതിന്‍െറ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലും ആരോപണ കുരുക്കില്‍. വിഡിയോ ചിത്രം പുറത്തുവിട്ട് വാര്‍ത്താസമ്മേളനം നടത്തിയ ദിവസം രാവിലെ മാത്യു സാമുവല്‍ ദുബൈയിലേക്ക് അഞ്ചുവട്ടം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും ഒളികാമറ നീക്കത്തിനു വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡറിക് ഒബ്റിയന്‍ രാജ്യസഭയില്‍ ആരോപിച്ചു.
വിശ്വാസയോഗ്യരായ മാധ്യമപ്രവര്‍ത്തകരുടെ ഒളികാമറ പ്രയോഗമല്ല നടന്നത്. മാത്യു സാമുവല്‍ പ്രഫഷനല്‍ പത്രപ്രവര്‍ത്തകനല്ല, പണത്തിനു വേണ്ടിയാണിതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. നാരദാ ഡോട്ട്കോം എന്ന വെബ്സൈറ്റിന്‍െറ എഡിറ്ററായ മാത്യു സാമുവല്‍ തെഹല്‍കയുടെ പത്രാധിപരായിരുന്ന സമയത്താണ് ഒളികാമറ പ്രയോഗം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പു നടന്ന 2014ലായിരുന്നു ഇത്. രണ്ടു വര്‍ഷം മുമ്പത്തെ വിഡിയോ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം. പണം വാങ്ങിയ സാഹചര്യം വേറെയാണെന്നും വിശദീകരണമുണ്ട്.
തരുണ്‍ തേജ്പാല്‍ ലൈംഗികാരോപണത്തില്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കെ.ഡി. സിങ്ങിന്‍െറ മുതല്‍മുടക്കിലും മാത്യു സാമുവലിന്‍െറ മേല്‍നോട്ടത്തിലും തെഹല്‍ക മുന്നോട്ടുപോകുന്നതിനിടെയായിരുന്നു ഒളികാമറ ഓപറേഷന്‍. കെ.ഡി. സിങ്ങുമായുള്ള ബന്ധം പ്രയോജനപ്പെടുത്തിയാണ് മറ്റ് എം.പിമാരെ മാത്യു സാമുവല്‍ സമീപിച്ചതെന്ന് പറയുന്നു. തെഹല്‍കയില്‍നിന്ന് മാറിയ ശേഷം ഒളികാമറ രംഗങ്ങള്‍ പുറത്തുവിട്ടത് കെ.ഡി. സിങ്ങുമായുള്ള ബന്ധം മോശമായതിനെ തുടര്‍ന്നാണെന്ന് കരുതുന്നവരുണ്ട്. മാത്യു സാമുവലിന്‍െറ ഒളികാമറ പ്രയോഗത്തിന്‍െറ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച്, തെഹല്‍കയിലെ മുന്‍ ജീവനക്കാരന്‍ എഴുതിയ ബ്ളോഗും പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.