ഉത്തരാഖണ്ഡില്‍ കൂറുമാറിയ എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയില്‍ കൂറുമാറി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന ഒമ്പത് എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍  ഗോവിന്ദ് സിങ് കുജ്വാള്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പാര്‍ലമെന്‍റി കാര്യ മന്ത്രിയും ചീഫ് വിപ്പുമായ ഇന്ദിര ഹൃദ്യേഷിന്‍െറ പരാതിയിലാണ് നടപടി. ഈ മാസം 26നു വൈകുന്നേരത്തിനു മുമ്പ് മറുപടി ആവശ്യപ്പെടുന്ന നോട്ടീസ് എം.എല്‍.എ മാരുടെ വീടിന്‍െറ ചുമരിലാണ് ഒട്ടിച്ചിരിക്കുന്നത്.

അതേസമയം, നിയമസഭ നിഷ്പക്ഷമായി നടത്താന്‍ കഴിയുന്നില്ലെന്നാരോപിച്ച് സ്പീക്കര്‍ക്കെതിരെ വിതരും 26 ബി.ജെ.പി എം.എല്‍.എ മാരുമടക്കം 35 അംഗങ്ങൾ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് അജയ് ഭട്ട് പറഞ്ഞു. സ്പീക്കര്‍ രാജി വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേവല ഭൂരിപക്ഷമുള്ള ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്ന് ഒമ്പത് എം.എല്‍.എമാര്‍ രണ്ട് ദിവസം മുമ്പ് കൂറുമാറിയത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഒരു വിമതന്‍ പോലും പാര്‍ട്ടി വിട്ട് പോയിട്ടില്ലെന്നും വിമതരില്‍ അഞ്ച് പേര്‍ തന്നോടൊപ്പമുണ്ടെന്നും ഹരീഷ് റാവത്ത് പ്രതികരിച്ചു. 28നു ചേരുന്ന നിയമസഭയില്‍ സര്‍ക്കാറിന്‍െറ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കൃഷ്ണ കാന്ത് മുഖ്യമന്ത്രി ഹരീഷ് റാവത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36ഉം ബി.ജെ.പിക്ക് 28ഉം അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിനു പുറമെ മറ്റു ആറ് പേരുടെ പിന്തുണയും ഹരീഷ് സര്‍ക്കാറിന് ലഭിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.