ഡി.എം.ഡി.കെ ജനക്ഷേമ മുന്നണിയിൽ; വിജയകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റൻ വിജയകാന്ത് നേതൃത്വം നൽകുന്ന ദേശീയ മൂർപോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) ജനക്ഷേമ മുന്നണിയിൽ. വിജയകാന്ത് തന്നെ ആണ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും. ജനക്ഷേമ മുന്നണിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിജയകാന്ത് പ്രഖ്യാപിച്ചു.

ആകെയുള്ള 234 നിയമസഭ സീറ്റുകളില്‍ 124 സീറ്റിൽ ഡി.എം.ഡി.കെ സ്ഥാനാർഥികളും മറ്റുള്ളവർ 110 സീറ്റുകളിലും ജനവിധി തേടും. ഡി.എം.കെയും ബി.ജെ.പിയും നടത്തിയ നീക്കങ്ങൾ അവഗണിച്ചാണ് വിജയകാന്ത് ജനക്ഷേമ മുന്നണിയുടെ ഭാഗമാകുന്നത്. സി.പി.എം, സി.പി.ഐ, വൈകോയുടെ എം.ഡി.എം.കെ, വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) എന്നിവയാണ് ജനക്ഷേമ മുന്നണിയിലുള്ള മറ്റ് പാർട്ടികൾ.


നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടാണ് വിജയകാന്ത് നേരത്തെ സ്വീകരിച്ചിരുന്നത്. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനില്ലെന്നും വിജയകാന്തിന് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്നും ഭാര്യ പ്രേമതല പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

2011ലെ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ ഭാഗമായി 41 സീറ്റിൽ മത്സരിച്ച ഡി.എം.ഡി.കെ 29 സീറ്റ് നേടിയിരുന്നു. ഡി.എം.കെ തകർന്നടിഞ്ഞതോടെ വിജയകാന്ത് പ്രതിപക്ഷ നേതാവുമായി. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭാഗമായിരുന്ന ഡി.എം.ഡി.കെ ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.