ഹൈദരാബാദ് യൂനിവേഴ്സിറ്റി കവാടത്തില്‍ രാധിക വെമുലയുടെ ധര്‍ണ

ഹൈദരാബാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവേശം നിഷേധിച്ചതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല ഹൈദരാബാദ് യൂനിവേഴ്സിറ്റി കവാടത്തില്‍ ധര്‍ണ നടത്തുന്നു. ബുധനാഴ്ച രാത്രി സ്ഥലത്തെത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

അവധി കഴിഞ്ഞ് യൂനിവേഴ്സിറ്റിയില്‍ തിരിച്ചെത്തിയ വൈസ് ചാന്‍സിലര്‍ അപ്പാറാവുവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും സംഭവത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാധിക വെമുല. കാമ്പസിനകത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കമെന്നും അതിനാലാണ് തടഞ്ഞതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ രോഹിത് വെമുലയുടെ ഇളയ സഹോദരന്‍ രാജ വെമുല ഇത് നിഷേധിച്ചിട്ടുണ്ട്.

രോഹിത് വെമുലയുടെ ആത്മഹത്യയുടെ മുഖ്യ കാരണക്കാരനായി വിദ്യര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്ന വി.സി അപ്പാറാവു വീണ്ടും ജോലിയില്‍ പ്രവേശിക്കാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കാമ്പസ് അന്തരീക്ഷം കലുഷിതമായത്. കാമ്പസില്‍ അപ്രഖ്യാപിത അടയന്തരാസ്ഥയാണുള്ളതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സമരം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. വൈദ്യുതിയും ഇന്‍റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ച അധികൃതര്‍ കാന്‍റീനുകളും അടച്ചുപൂട്ടി. വിദ്യാര്‍ഥികള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നത് തടഞ്ഞും എ.ടി.എമ്മുകള്‍ ബ്ളോക് ചെയ്തും വിദ്യാര്‍ഥികളെ വലക്കുകയാണ് അധികൃതര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.