ഹൈദരാബാദ്: അവധിയില്‍ പോയ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പ റാവു തിരിച്ചത്തെിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്‍െറ പേരില്‍ അറസ്റ്റിലായ 30 വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയും 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ചരളപള്ളി സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതില്‍ ഒമ്പതുപേര്‍ മലയാളികളാണ്. ഇവരെ മോചിപ്പിക്കുകയും അപ്പ റാവുവിനെ നീക്കുകയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം കത്തുന്നതിനിടക്കും നൂറുകണക്കിന് പൊലീസുകാര്‍ സര്‍വകലാശാലയില്‍ തുടരുകയാണ്. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ ഉദയ് ഭാനുവെന്ന വിദ്യാര്‍ഥി ഐ.സി.യുവിലാണ്്. ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ ആദിത്യന്‍, മാത്യു ജോസഫ്, മുഹമ്മദ് അജ്മല്‍, ആഷിഖ് മുഹമ്മദ്, എസ്.ഐ.ഒ യൂനിറ്റ് സെക്രട്ടറി ഇ.കെ. റമീസ്, മുന്‍സിഫ്, മുഹമ്മദ് ഷാ, ശ്രീരാഗ്, ദീപക് എന്നിവരാണ് കസ്റ്റഡിയിലുള്ള മലയാളി വിദ്യാര്‍ഥികള്‍.
അതിനിടെ, രണ്ടുദിവസമായി സര്‍വകലാശാലയില്‍ വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇന്‍റര്‍നെറ്റ് കണക്ഷനും തടഞ്ഞ് ഏര്‍പ്പെടുത്തിയ ‘അടിയന്തരാവസ്ഥ’ക്ക് വ്യാഴാഴ്ച അല്‍പം അയവുവന്നു. മനുഷ്യാവകാശ കമീഷന്‍ വി.സിക്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് കാന്‍റീന്‍ തുറന്നു. കാന്‍റീന്‍ തുറക്കാന്‍ ചീഫ് വാര്‍ഡന്‍ ജി .നാഗരാജു ഹോസ്റ്റലുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
വൈസ് ചാന്‍സലറുടെ ഓഫീസിനെതിരെ നടന്ന ആക്രമണത്തിനെതിരെ അനധ്യാപക ജീവനക്കാര്‍ സമരം ചെയ്തതാണ് കാന്‍റീന്‍ അടച്ചിടാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വയം പാചകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞിരുന്നു. മണിക്കൂറുകള്‍ ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഗേറ്റിന് മുന്നിലത്തെി ഭക്ഷണം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ പ്രവേശ കവാടങ്ങളും അടച്ച പൊലീസ് മാധ്യമപ്രവര്‍ത്തകരെ അടക്കം അകത്ത് കടക്കാന്‍ അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.