പി. സുശീലക്ക് ലോക റെക്കോഡ്

ചെന്നൈ: ആറുപതിറ്റാണ്ടിനിടെ ആരാധകരുടെ മനസ്സില്‍ ഗാനകോകിലയായി മാറിയ പി. സുശീലക്ക് ലോക റെക്കോഡ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചയാള്‍ എന്ന ഗിന്നസ് റെക്കോഡിലേക്കാണ് രാജ്യത്തിന്‍െറ ഗന്ധര്‍വ ഗായിക നടന്നുകയറിയത്. 17,695 ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയതാണ് റെക്കോഡായത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ആറു ഭാഷകളില്‍ സോളോ, ഡ്യുയറ്റ്, കോറസ് ഇനങ്ങളിലായി പാടിയതാണ് ഗിന്നസ് അധികൃതര്‍ പരിഗണിച്ചത്. ഗിന്നസ് ബുക് അധികൃതര്‍ റെക്കോഡ് സാക്ഷ്യപത്രം സുശീലക്ക് കൈമാറി. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഗിന്നസ് റെക്കോഡിനായി പരിഗണിക്കപ്പെടുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം 1,336 ഗാനങ്ങളില്‍ സ്വരമാധുരി നിറച്ചു. ഏറ്റവും കൂടുതല്‍ ഡ്യുയറ്റുകള്‍ പങ്കിട്ടതും ഇരുവരുമാണ്. ആന്ധ്രപ്രദേശുകാരിയായ പുലാപക സുശീല എന്ന പി. സുശീല 1960കളില്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് സംഗീതരംഗത്ത് പ്രവേശിച്ചത്. പെട്ര തായി എന്ന തമിഴ് സിനിമയിലാണ് ആദ്യം പിന്നണി ഗാനം ആലപിക്കുന്നത്. മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം അഞ്ച് പ്രാവശ്യം ലഭിച്ചിട്ടുണ്ട്. 2008ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.