തൊഴില്‍ യോഗ്യതകളുടെ അംഗീകാരം: ഇന്ത്യയും യു.എ.ഇയും കരാറില്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: തൊഴില്‍മേഖലയിലെ വൈദഗ്ധ്യ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയും യു.എ.ഇയും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലെ തൊഴില്‍സാധ്യത ഉപയോഗപ്പെടുത്തുന്നതിന് ഏറെ സഹായകരമാകുന്നതാണ് കരാറെന്ന് കേന്ദ്ര നൈപുണ്യവികസന മന്ത്രി രാജീവ് പ്രതാപ് റൂഡി ലോക്സഭയില്‍ അറിയിച്ചു. ഇരു രാജ്യത്തെയും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും തമ്മില്‍ തൊഴില്‍ നൈപുണ്യ കോഴ്സുകള്‍ക്ക് പരസ്പരം അക്രഡിറ്റേഷന്‍ നല്‍കുന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. തൊഴില്‍ തേടിയുള്ള ഒഴുക്ക് ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് ആണെന്നതിനാല്‍ കരാര്‍ പ്രധാനമായും ഇന്ത്യക്കാര്‍ക്കാണ് പ്രയോജനപ്പെടുക. ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികളുടെ ലഭ്യത സംബന്ധിച്ച വിവരം യു.എ.ഇയിലെ തൊഴിലുടമകള്‍ക്ക് ലഭ്യമാക്കുക, വൈദഗ്ധ്യ വികസനവുമായി ബന്ധപ്പെട്ട അറിവുകള്‍ പരസ്പരം പങ്കുവെക്കുക, തൊഴില്‍ വിപണിയിലെ പുതിയ പ്രതിഭാസങ്ങളെക്കുറിച്ച് സംയുക്ത പഠനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുക തുടങ്ങിയവയാണ് കരാറിലെ മറ്റു വ്യവസ്ഥകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.