ന്യൂഡല്‍ഹി: ശിക്ഷാനടപടിയിലും അന്വേഷണ സമിതിയുടെ പക്ഷപാതിത്വത്തിലും പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരമനുഷ്ഠിക്കുന്ന ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യനില വഷളായി. കനയ്യയുടെ രക്തസമ്മര്‍ദം താഴുകയും അര്‍ധബോധാവസ്ഥയിലാവുകയും ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു ദിവസമായി തുടരുന്ന സമരത്തിനിടെ ആറു കിലോ ഭാരം കുറഞ്ഞതായി വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ പറഞ്ഞു. മറ്റു വിദ്യാര്‍ഥികളും നാലു മുതല്‍ ആറു കിലോ വരെ കുറഞ്ഞിട്ടുണ്ട്.
കനയ്യക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സമരമനുഷ്ഠിക്കുന്ന വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് പറഞ്ഞു. ക്ഷീണിതനായിട്ടും സമരം നിര്‍ത്താന്‍ കനയ്യ കൂട്ടാക്കിയിരുന്നില്ല. മഞ്ഞപ്പിത്ത സാധ്യത ഉള്ളതിനാല്‍ പാര്‍ഥിപന്‍ എന്ന വിദ്യാര്‍ഥിയോട് സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു നാലുപേരുടെ ആരോഗ്യവും അപകടാവസ്ഥയിലാണ്. വിദ്യാര്‍ഥികള്‍ക്കെതിരായ ശിക്ഷാ നടപടി പിന്‍വലിക്കും വരെ സമരം തുടരുമെന്നും അക്കാദമിക് കൗണ്‍സില്‍ ചേരുന്ന മേയ് 10 മുതല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും വിദ്യാര്‍ഥികള്‍ മുന്നറിയിപ്പു നല്‍കി. ഡല്‍ഹിയിലെ നിരവധി സാംസ്കാരിക പ്രവര്‍ത്തകരും കലാകാരന്മാരും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയര്‍പ്പിക്കാന്‍ കാമ്പസില്‍ എത്തുന്നുണ്ട്. അതിനിടെ യൂനിയന്‍ ജോ. സെക്രട്ടറി സൗരഭ് ശര്‍മക്കെതിരെ പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് നിരാഹാരമനുഷ്ഠിച്ചിരുന്ന അഞ്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുലഭിച്ചതായി അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.