ഭുവനേശ്വര്‍: ആവശ്യത്തിന് സൗകര്യമില്ലാതെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച ഒഡിഷയിലെ സ്വകാര്യ മെഡിക്കല്‍ കോളജിന് സുപ്രീംകോടതി അഞ്ചുകോടി രൂപ പിഴ ചുമത്തി. രാജ്യത്തെ മെഡിക്കല്‍ കോളജുകളുടെ അവസ്ഥ അങ്ങേയറ്റം മോശമാണെന്ന് നിരീക്ഷിച്ച കോടതി, കോളജുകള്‍ വിദ്യാര്‍ഥികളുടെ ഭാവികൊണ്ട് കളിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനാണ് (കിംസ്) പിഴ. എം.ബി.ബി.എസ് കോഴ്സിന് വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തു. 2016-17, 2017-18 വര്‍ഷങ്ങളിലാണ് വിധി ബാധകമാകുക.
ആവശ്യത്തിന് സൗകര്യമില്ലാതെ സീറ്റുകളുടെ എണ്ണം 100ല്‍നിന്ന് 150 ആക്കി വര്‍ധിപ്പിച്ചുവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജിയില്‍ തീര്‍പ്പുകല്‍പിക്കവേ ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂറും എന്‍.വി. രമണയുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ വിലയിരുത്താതെ കേസിന് എടുത്തുചാടിയ കിംസ് പിഴയൊടുക്കണമെന്നും അത് വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ ഈടാക്കാന്‍ പാടില്ളെന്നും ആറാഴ്ചക്കകം പിഴത്തുകയടക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍, 2015-16 വര്‍ഷം അധികമായി പ്രവേശം നല്‍കിയ 50 സീറ്റുകള്‍ക്ക് അംഗീകാരമുണ്ടാകുമെന്ന് കോടതി വിധിച്ചു. സാമൂഹിക പരിഷ്കര്‍ത്താവെന്ന് സ്വയംവിശേഷിപ്പിക്കുന്ന അച്യുത് സാമന്തയെന്നയാളാണ് കിംസ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.