പക്ഷിപ്പനി: കര്‍ണാടകയില്‍ 1.4 ലക്ഷം കോഴികളെ കൊന്നൊടുക്കുന്നു

ബംഗളൂരു: പക്ഷിപ്പനി സ്ഥിരീകരിച്ച കര്‍ണാടക ബീദര്‍ ജില്ലയിലെ സ്വകാര്യ ഫാമില്‍ കോഴികളെ കൊന്നൊടുക്കിത്തുടങ്ങി. ഹമ്നാബാദ് താലൂക്കിലെ അരുണോദയ പൗള്‍ട്രി ഫാമില്‍ 1.4 ലക്ഷം കോഴികളെയാണ് അഞ്ചു പേരടങ്ങുന്ന 15 സംഘങ്ങള്‍ കൊന്നൊടുക്കുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ കോഴികളെ വില്‍ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ 35,000 കോഴികളാണ് ചത്തൊടുങ്ങിയത്. ഇതിനിടെ, തിങ്കളാഴ്ച വൈകീട്ട് ശക്തമായ മഴ പെയ്തതിനാല്‍ കോഴികളെ കൊല്ലുന്നത് ഭാഗികമായി തടസ്സപ്പെട്ടിരുന്നു.പക്ഷിപ്പനി പടരുന്നത് തടയാനായി ബീദര്‍ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ളെന്നും മന്ത്രി എ. മഞ്ജു പറഞ്ഞു. സംസ്ഥാന സര്‍ക്കാറിലെ ദ്രുതകര്‍മ സേനയും കേന്ദ്ര സര്‍ക്കാറിലെ ഏതാനും ഉദ്യോഗസ്ഥരുമാണ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

തെലങ്കാന, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ കോഴിയുമായത്തെുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് കടത്തിവിടുന്നത്. സംസ്ഥാനത്ത് 7000ത്തോളം പൗള്‍ട്രി ഫാമുകളിലായി അഞ്ചു കോടിയോളം കോഴികളാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ചൂണ്ടിക്കാട്ടി ഫാം ഉടമ രമേഷ് ഗുപ്ത മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കുന്നത്.

 ഭോപാല്‍ ആസ്ഥാനമായുള്ള ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറി ഇവിടത്തെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഫാമില്‍ വളര്‍ത്തുന്ന കോഴികളെ കൊന്നൊടുക്കാന്‍ കലക്ടര്‍ അനുരാഗ് തിവാരി ഉത്തരവിടുകയായിരുന്നു. ഫാമിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.