മോദിയുടെ ബിരുദം ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിരുദമില്ളെന്ന ആരോപണത്തിലുറച്ച് ആം ആദ്മി പാര്‍ട്ടി. മോദിയുടേത് എന്നപേരില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും പരസ്പരവിരുദ്ധ വിവരങ്ങളാണ് അതിലുള്ളതെന്നും പാര്‍ട്ടി നേതാവ് അശുതോഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പേരിലും വര്‍ഷത്തിലും പൊരുത്തക്കേടുണ്ട്.

കള്ളത്തരം നടത്തുമ്പോള്‍ കുറച്ചുകൂടി ബുദ്ധിവേണമായിരുന്നുവെന്ന് പരിഹസിച്ച ആപ്, മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍െറ വെളിച്ചത്തിലാണ് ആരോപണമുന്നയിക്കുന്നതെന്നും വ്യക്തമാക്കി. 1978ലെ മാര്‍ക്ക്ലിസ്റ്റാണ് ബി.ജെ.പി നേതാക്കള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 1979ലേതാണ്. ബി.എ മാര്‍ക്ക് ഷീറ്റില്‍ നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് മോദി എന്നാണെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ഇത് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ്. മോദി എന്ന് എഴുതിയിരിക്കുന്നതുപോലും പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്ത രീതിയിലാണ്. ബി.എ പരീക്ഷ പരാജയപ്പെട്ടയാളാണ് മോദി. വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത് ക്രിമിനില്‍ കുറ്റമാണെന്നും മോദിയും ഷായും ജെയ്റ്റ്ലിയും ജനങ്ങളോട് മാപ്പുപറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മോദിയുടെ പഠനവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയില്‍ വിവരാവകാശ അപേക്ഷ നല്‍കിയിട്ടുണ്ട്. ആപ് നേതാക്കള്‍ക്കൊപ്പം ഡല്‍ഹി സര്‍വകലാശാലയിലത്തെി രേഖകള്‍ പരിശോധിക്കന്‍ ബി.ജെ.പി നേതാക്കള്‍ തയാറാവണമെന്നും അശുതോഷ് പറഞ്ഞു. ദിലീപ് പാണ്ഡെ, സഞ്ജയ് സിങ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മോദിയുടെ ബിരുദരേഖകള്‍ മുദ്രവെച്ച് സൂക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടില്ളെന്ന് വി.സി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിദ്യാഭ്യാസം സംബന്ധിച്ച രേഖകള്‍ മുദ്രവെച്ച് സൂക്ഷിക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ളെന്നും ഉദ്യോഗസ്ഥര്‍ ആരെങ്കിലും അപ്രകാരം സ്വന്തംനിലയില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അറിയില്ളെന്നും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. യോഗേഷ് ത്യാഗി.  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രേഖകള്‍ സംബന്ധിച്ച് ട്വിറ്ററിലൂടെ നടത്തിയ ആരോപണത്തെ തുടര്‍ന്നാണ് വി.സിയുടെ പ്രതികരണം. എന്നാല്‍, മോദിയുടേത് എന്ന പേരില്‍ ബി.ജെ.പി നേതാക്കള്‍ പ്രദര്‍ശിപ്പിച്ച ബിരുദരേഖകളുടെ ആധികാരികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

രേഖകള്‍ മുദ്രവെച്ച് സൂക്ഷിച്ചിരിക്കുകയാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പുറത്തുവിട്ടതെന്നും കേന്ദ്ര വിവരാവകാശ കമീഷന്‍ അന്വേഷിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.  ഇതിനു പിന്നാലെയാണ് വി.സി പ്രതികരിച്ചത്. വിവരാവകാശ കമീഷന്‍ സര്‍വകലാശാലയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്നും വി.സി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.