പാനമ രേഖകളില്‍ കേരളത്തിലെ 10 വിലാസങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിന്‍െറ വിവരങ്ങളടങ്ങിയ പാനമ രേഖകളില്‍ കേരളത്തില്‍നിന്നുള്ള പത്ത് വിലാസങ്ങള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിലാസങ്ങളാണ് യു.എസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട ഓണ്‍ലൈന്‍ രേഖകളിലുള്ളത്.

രേഖകളില്‍ പേരുള്ള പല കമ്പനികളുടെയും ഓഹരിയുടമകളായ വിദേശികളുടെ രജിസ്ട്രേഡ് ഓഫിസ് മേല്‍വിലാസം കേരളത്തിലേതാണ്. ബഹാമസില്‍ രജിസ്റ്റര്‍ ചെയ്ത വിന്‍സ്പാര്‍ക്കിള്‍ ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരിയുടമയായ ഹ്യുവാങ് സ്യുവാന്‍ എന്ന ചൈനക്കാരന്‍െറ രജിസ്ട്രേഡ് ഓഫിസ് വിലാസം ആലപ്പുഴ ചേരാവള്ളി ഒന്നാംകുട്ടി ജങ്ഷനിലെ ചെമ്പകപള്ളിത്തറ എന്നാണ്.
ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കമ്പനികളുടെ ഓഹരിയുടമകള്‍ക്ക് കേരളത്തിലെ പല ജില്ലകളിലും ഓഫിസുള്ളതായി രേഖകള്‍ സൂചിപ്പിക്കുന്നു.

മാര്‍ക്കറ്റ് ലിങ്കേജ് ട്രേഡിങ് എന്ന കമ്പനിയുടെ ഓഹരിയുടമകളായ മൂന്നു വിദേശികളുടേത് പത്തനംതിട്ടയിലെ മന്ദിരം കരപ്ളാക്കല്‍ ഹൗസ് എന്ന വിലാസമാണ്. ഇലക്സണ്‍ ന്യൂ എനര്‍ജി എന്ന കമ്പനിയുടെ ഓഹരിയുടമകളായ പമേല കാമ്പില്‍, നെവിന്‍ പ്രദീപ് കാമ്പില്‍ എന്നിവരുടെ വിലാസം കോഴിക്കോട് പി.ടി. ഉഷ റോഡിലെ ജയന്തി നഗറിലേതാണ്.

പ്രസിഡന്‍റ് റസ്റ്റോറന്‍റ്സ് ഹോള്‍ഡിങ്സ് കമ്പനിയുടെ ഓഹരിയുടമ ഫാന്‍ സ്യൂ പാങ്ങിന്‍െറ വിലാസം ആലപ്പുഴ മുനിസിപ്പല്‍ വാര്‍ഡിലേതാണ്. ഐറിച്ച് കോര്‍പറേഷന്‍ ഓഹരിയുടമ ഫുക്കോക്ക് സിങ്ങിന്‍േറത് തൃശൂര്‍ കൊടകര വെള്ളഞ്ചിറ പെരിങ്ങോട്ടുകരക്കാരന്‍ ഹൗസ് എന്ന വിലാസമാണ്. എറ്റോസ് ഫുഡ്സ് കമ്പനിയുടെ ഡയറക്ടര്‍മാരായ തരുണ്‍ തോമസ് കുരിശിങ്കല്‍, അന്ന സന്ധ്യ കുരിശിങ്കല്‍ എന്നിവര്‍ക്ക് കൊച്ചി ജേക്കബ് റോഡിലെ വിലാസമാണുള്ളത്. കേരള ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രോപര്‍ട്ടീസ് കമ്പനിയുടെ വിവരവും ഓണ്‍ലൈന്‍ രേഖകളിലുണ്ട്.
ബഹാമസില്‍ രജിസ്റ്റര്‍ ചെയ്ത ലാന്‍ഡെ എസ്റ്റേറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരിയുടമയായ എസ്.എ. ഹൈന്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാട്ടെ പള്ളാച്ചേരി പുത്തന്‍വീട് വിലാസമാണ്. സമോവയില്‍ രജിസ്റ്റര്‍ ചെയ്ത ഗുഡ്ഗോള്‍ഡ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍ ജയപ്രകാശ് കമ്പറിന്‍െറ വിലാസം കാസര്‍കോട് ജില്ലയിലെ അങ്ങാടിമൊഗത്താണ്.

കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട 115 ലക്ഷം രേഖകളില്‍ 37,000 ഫയലുകള്‍ ഇന്ത്യക്കാരുമായി ബന്ധമുള്ളതാണ്. ഇതില്‍ 1046 വ്യക്തികളുടെയും 42 ഇടനിലക്കാരുടെയും വിവരങ്ങളും 828 വിലാസങ്ങളുമാണുള്ളത്. വ്യക്തികളുടെ പേരും പ്രാദേശിക വിലാസവും മാത്രമേ പുതിയ രേഖകളിലുള്ളൂ. ബാങ്ക് അക്കൗണ്ടുകളുടെയും മറ്റും വിവരമില്ല. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലെ വിലാസങ്ങളാണേറെയും. കൂടാതെ, ഹരിയാനയിലെ സിര്‍സ, ബിഹാറിലെ മുസഫര്‍നഗര്‍, മധ്യപ്രദേശിലെ ഭോപാല്‍, മാണ്ഡസോര്‍ എന്നിവിടങ്ങളിലെയും വിലാസങ്ങള്‍ രേഖകളിലുണ്ട്.

മൂന്നര ലക്ഷത്തിലേറെപ്പേരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചും രണ്ടുലക്ഷം അക്കൗണ്ടുകളെക്കുറിച്ചുമുള്ള വിവരമാണ് തിങ്കളാഴ്ച രാത്രി 11.45ന് ഓണ്‍ലൈനിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞമാസം പുറത്തുവന്ന രേഖകളില്‍ ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിവരടക്കം 500 പ്രമുഖ ഇന്ത്യക്കാരുടെയും കമ്പനികളുടെയും പേരുണ്ടായിരുന്നു. ഇതത്തേുടര്‍ന്ന് ആദായനികുതി വകുപ്പ് നോട്ടീസും അയച്ചിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധമുള്ളവരുടെ വിവരം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റിസര്‍വ് ബാങ്കിനെയും ആദായനികുതി വകുപ്പിനെയും സമീപിച്ചിരിക്കുകയാണ്. എന്നാല്‍, പാനമയില്‍നിന്ന് ഇതുസംബന്ധിച്ച ഒരു സാക്ഷ്യപത്രവും ഇന്ത്യന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.