സോമാലിയ: മോദിക്കെതിരെ കോണ്‍ഗ്രസ് തെര. കമീഷന് പരാതി നല്‍കി

ന്യൂഡല്‍ഹി: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. കേന്ദ്രനേതാക്കളായ മോത്തിലാല്‍ വോറ, അഹമ്മദ് പട്ടേല്‍, ദിഗ്വിജയ് സിങ്, അഭിഷേക് മനു സിങ്വി എന്നിവര്‍ കമീഷന്‍ ആസ്ഥാനത്തത്തെിയാണ് പരാതി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി തെറ്റിദ്ധാരണജനകവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് രാഷ്ട്രീയലാഭത്തിനുവേണ്ടി പ്രചരിപ്പിക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്‍െറ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ രണ്ടാം നിബന്ധനപ്രകാരം വളച്ചൊടിച്ചതോ തെറ്റായതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുറ്റകരമാണ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ജനം പൊതുവില്‍ വിലകൊടുക്കാറുണ്ട്.തെറ്റായവിവരം ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയെ കേരളത്തില്‍ തുടര്‍ന്ന് പ്രചാരണം നടത്തുന്നതില്‍നിന്ന് വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കേരളത്തിലെ പട്ടികവര്‍ഗ ശിശുമരണനിരക്ക് 41ഉം സോമാലിയയിലേത് 137ഉം ആണ്. ഇന്ത്യയിലെ ശിശുമരണനിരക്ക് ശരാശരി 85 ആണ്.

ഗുജറാത്തില്‍ പെണ്‍കുട്ടികളുടെ മരണനിരക്ക് 65ഉം ആണ്‍കുട്ടികളുടേത് 59ഉം ആണ്. മാനവവിഭവ സൂചികകളില്‍ മുന്‍നിരയിലുള്ള മാതൃകയായ കേരളത്തെയാണ് പ്രധാനമന്ത്രി സോമാലിയയോട് ഉപമിക്കുന്നത്.രണ്ടു ബാലന്മാര്‍ മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഭക്ഷണം കഴിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് പിന്നിലെ യാഥാര്‍ഥ്യവും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ മെച്ചപ്പെട്ട ജീവിതസാഹചര്യത്തില്‍നിന്ന് വരുന്നവരാണ്. മാതാപിതാക്കള്‍ക്ക് ജോലിയും വരുമാനമുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.