അസമില്‍ ബി.ജെ.പി; ബംഗാളില്‍ മമത മാജിക്; തമിഴകത്ത് ജയ

ന്യൂഡല്‍ഹി: നാല് സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തോടെ ഇടതുമുന്നണി കേരള ഭരണം തിരിച്ചു പിടിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ തിരിച്ചുവരവിനുള്ള സാധ്യത പോലും കാണാതെ സി.പി.എം-കോണ്‍ഗ്രസ് സഖ്യം അമ്പെ പരാജയപ്പെട്ടു. ബംഗാളിലെ 294 സീറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കല്‍ കൂടെ അജയ്യത തെളിയിച്ചു. ഏറ്റവും ഒടുവില്‍ റിപോര്‍ട് ലഭിക്കുമ്പോള്‍ 215 സീറ്റു കരസ്ഥമാക്കി മമത വ്യക്തമായ മേധാവിത്വം പുലര്‍ത്തി. 44 സീറ്റുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തത്തെിയപ്പോള്‍ മൂന്നു ദശകത്തിലേറെ ബംഗാള്‍ ഭരിച്ച ഇടതുമുന്നണി 28 സീറ്റുമായി കിതക്കുകയാണ്. ശാരദ ചിട്ട് ഫണ്ട് വിവാദവും ഒളി ക്യാമറാ വെളിപ്പെടുത്തലുകളും മമത തരംഗത്തിനു മുന്നില്‍ നിഷ്പ്രഭമായി. 2011ല്‍ 184 സീറ്റായിരുന്നു തൃണമൂലിന് ലഭിച്ചിരുന്നത്.

ഭരണ വിരുദ്ധ വികാരം അലയടിച്ച അസമില്‍ തരുണ്‍ ഗൊഗോയ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ കടപുഴക്കി ബി.ജെ.പി ഭരണം പിടിച്ചെടുത്തു. 126 അംഗ സഭയില്‍ 86 സീറ്റു നേടിയാണ് ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കിയത്. 24 സീറ്റുമായി കോണ്‍ഗ്രസ് തോല്‍വിയിലേക്ക് കൂപ്പുകുത്തി. ഇതാദ്യമായാണ് അസമില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ബി.ജെ.പിയിലെ സര്‍ബാനന്ദ സൊനോവാള്‍ മുഖ്യമന്ത്രിയാവുമെന്നാണ് റിപോര്‍ട്.
 
അതേസമയം, ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ച തമിഴ്നാട്ടില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് എ.ഐ.എഡി.എം.കെ ഭരണം നിലനിര്‍ത്തി. 30 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഒരേ പാര്‍ടിക്ക് ഭരണ തുടര്‍ച്ച ലഭിക്കുന്നത്. എം.ജി. ആറിന് പിന്നാലെ ഈ ചരിത്ര വിജയം സ്വന്തമാക്കിയത് അദ്ദേഹത്തിന്‍െറ ശിഷ്യയാണ് എന്നതും ശ്രദ്ധേയം. 232 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ എ.ഐ.എഡി.എം.കെ 134 സീറ്റു നേടിയപ്പോള്‍ 102 സീറ്റുമായി ഡി.എം.കെ രണ്ടാമതെത്തി. ദ്രാവിഡ കക്ഷികള്‍ക്കെതിരെ രൂപം കൊണ്ട ജന ക്ഷേമ ബദല്‍ മുന്നണിക്ക് നിലം തൊടാനായില്ല. അതേസമയം, 30 അംഗ പുതുച്ചേരിയില്‍ 17 സീറ്റു നേടി കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം ഭരണം പിടിച്ചെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.