അസമില്‍ ബി.ജെ.പി മന്ത്രിസഭ 24ന്

ഗുവാഹതി: അസമില്‍ ഉജ്ജ്വല വിജയവുമായി ചരിത്രം കുറിച്ച ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 24ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഗുവാഹതിയിലെ ഖാനാപറ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.

മുന്നോടിയായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ ഞായറാഴ്ച യോഗം ചേര്‍ന്ന് കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാളിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. സഖ്യകക്ഷികളായ അസം ഗണപരിഷത്ത് (എ.ജി.പി), ബോഡോ പീപ്ള്‍സ് ഫ്രണ്ട് (ബി.പി.എഫ്) എന്നിവയുടെ പ്രതിനിധികളും ഇതേ ആവശ്യത്തിനായി ഉടന്‍ സംഗമിക്കും. വെള്ളിയാഴ്ച ബി.ജെ.പി ആസ്ഥാനത്ത് സൊനോവാളിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലവും മന്ത്രിസഭാ രൂപവത്കരണവും വിലയിരുത്താന്‍ സൊനോവാള്‍ മോദിയെയും അമിത് ഷായെയും കാണുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ മാത്രമായിരുന്ന ബി.ജെ.പി ബംഗ്ളാദേശി കുടിയേറ്റം മുഖ്യപ്രചാരണായുധമാക്കി ഇത്തവണ 60 സീറ്റുകളുമായി ഒറ്റക്ക് കേവലഭൂരിപക്ഷത്തിനരികെ എത്തിയിരുന്നു.സഖ്യകക്ഷികളായ എ.ജി.പി 10ഉം ബി.പി.എഫ് 12ഉം നേടി. കഴിഞ്ഞ നിയമസഭയില്‍ 78 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 26ലൊതുങ്ങിയപ്പോള്‍ 18 സീറ്റുകളുമായി മുമ്പ് കരുത്തുതെളിയിച്ച എ.ഐ.യു.ഡി.എഫിന് ഇത്തവണ 13 സീറ്റേ നേടാനായുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.