സംസ്ഥാനങ്ങളുടെ 82,000 കോടി കൊടുക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: പിരിച്ചെടുത്ത നികുതിയുടെയും തീരുവയുടെയും സംസ്ഥാന വിഹിതമായി കൊടുക്കാനുള്ള 82,000 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാര്‍ ഇനിയും കൊടുത്തില്ളെന്ന് കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ കണ്ടത്തെി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ ഈ കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്നും ധനമന്ത്രാലയത്തിന് അയച്ച കത്തില്‍ സി.എ.ജി കുറ്റപ്പെടുത്തി.

1996-97 മുതല്‍ക്കുള്ള കസ്റ്റംസ് തീരുവയുടെയും 1999-2000 തൊട്ടുള്ള പരോക്ഷ നികുതിയുടെയും 2005-06 മുതലുള്ള പ്രത്യക്ഷ നികുതിയുടെയും ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയതാണ് 81,647.7 കോടി രൂപയുടെ ഈ കുടിശ്ശികയെന്ന് സി.എ.ജി വ്യക്തമാക്കി. ഭരണഘടനയുടെ 270ാം അനുച്ഛേദം അനുസരിച്ച് തുക എത്രയും പെട്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് സി.എ.ജി നിര്‍ദേശിച്ചു.

മാറിമാറി വന്ന ധനകമീഷനുകള്‍ മുന്നോട്ടുവെച്ച ശിപാര്‍ശകള്‍ അനുസരിച്ച് നികുതി, തീരുവ ഇനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ള യഥാര്‍ഥ തുക കണക്കാക്കിയ പട്ടിക ഇതിനൊപ്പം സമര്‍പ്പിക്കുന്നുണ്ടെന്ന് സി.എ.ജി ധനമന്ത്രാലയത്തെ അറിയിച്ചു. 1996-97 മുതല്‍ 2014-15 സാമ്പത്തിക വര്‍ഷം വരെയുള്ളതാണ് തങ്ങള്‍ പരിശോധിച്ചതെന്നും കത്തില്‍ സി.എ.ജി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് നികുതിവിഹിതം കൊടുക്കുന്നതിന് പിന്തുടരുന്ന രീതി വ്യക്തമാക്കണമെന്നും ധനമന്ത്രാലയത്തോട് സി.എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്.

2000ത്തില്‍ പാര്‍ലമെന്‍റ് പാസാക്കിയ 80ാം ഭരണഘടനാഭേദഗതിയോടെ സംസ്ഥാനങ്ങളുടെ നികുതിവിഹിതവുമായി ബന്ധപ്പെട്ട വിഷയത്തിന് വ്യക്തത വരുത്തിയിട്ടും കഴിഞ്ഞ 15 വര്‍ഷമായി ധനമന്ത്രാലയം ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ളെന്ന് സി.എ.ജി കുറ്റപ്പെടുത്തി.

270ാം അനുച്ഛേദത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം കേന്ദ്ര പട്ടികയില്‍ പറയുന്ന എല്ലാ നികുതികളുടെയും തീരുവകളുടെയും (ഭരണഘടനയുടെ 268, 269 അനുച്ഛേദങ്ങളില്‍ പരാമര്‍ശിച്ചതൊഴികെ) വിഹിതം സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധമായും നല്‍കണം. പ്രത്യേക ആവശ്യത്തിനായി പിരിക്കുന്ന സെസിന്‍െറ വിഹിതവും ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.

വിഷയം പരിശോധിക്കുമെന്ന് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി, തീരുവ വിഹിതം കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയ വിഷയം പരിശോധിക്കുമെന്ന് പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാന്‍ പ്രഫ. കെ.വി. തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഓരോ സംസ്ഥാനത്തിനും എന്തുമാത്രം കുടിശ്ശികയുണ്ടെന്ന കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കംട്രോളര്‍-ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനുള്ള അധികാരം പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിക്കാണ്.  ധനമന്ത്രാലയത്തിന് സി.എ.ജി ഇത്തരമൊരു കത്തയച്ച പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതിവിഹിതം കൈമാറുന്നതിന് ശരിയായ രീതിയിലുള്ള സംവിധാനം രൂപപ്പെടുത്തണമെന്ന് പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അംഗമായ ഭര്‍തൃഹരി മെഹ്താബ് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.