ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി രാജ്യത്തിന്‍െറ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് പ്രദേശവാസികളെ വ്യാപകമായി ഒഴിപ്പിക്കാന്‍ തുടങ്ങി. തന്ത്രപ്രധാന കേന്ദ്രങ്ങളും മെട്രോ നഗരങ്ങളും സുരക്ഷാവലയത്തിലാക്കി. മിന്നലാക്രമണത്തിന് തിരിച്ചടി പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതലയോഗം ചേര്‍ന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഇന്ത്യന്‍ സേന പാക് അധീന കശ്മീരില്‍ ഭീകരക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്.
അതിനിടെ, ഇന്ത്യന്‍ സൈനികന്‍ പാക് സൈന്യത്തിന്‍െറ പിടിയിലായതിന് സ്ഥിരീകരണമായി. സൈനികനെ മോചിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇസ്ലാമാബാദുമായി ബന്ധപ്പെട്ടുവരുകയാണെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്തു ബാബുലാല്‍ ചൗഹാന്‍ (22) ആണ് പാക് സൈന്യത്തിന്‍െറ പിടിയിലായത്. സൈനികദൗത്യ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.എം.ഒ) രണ്‍ബീര്‍ സിങ്, പാക് ഡി.ജി.എം.ഒയെ വിളിച്ച് സൈനികനെ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. പാക് പ്രതികരണം അറിവായിട്ടില്ല.
അതേസമയം, നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണ്. സി.ആര്‍.പി.എഫ് വാഹനങ്ങള്‍ക്കുനേരെയും അഖ്നൂരിലെ സൈനിക പോസ്റ്റിനു നേരെയും അതിര്‍ത്തിക്കപ്പുറത്തുനിന്ന് വെടിവെപ്പുണ്ടായി. ഇന്ത്യന്‍ സേന തിരിച്ചടിച്ചു.
എന്നാല്‍, വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചെന്നാണ് പാക് മാധ്യമങ്ങളുടെ അവകാശവാദം. ഇന്ത്യന്‍ സൈന്യത്തിനുണ്ടായ ആള്‍നാശത്തിന്‍െറ ചിത്രങ്ങളും പാക് ചാനലുകള്‍ പുറത്തുവിട്ടു. വാര്‍ത്ത നിഷേധിച്ച ഇന്ത്യന്‍ സേന, പാക് ചാനലുകളിലെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് വ്യക്തമാക്കി. മിന്നലാക്രമണം നയിച്ച ഇന്ത്യന്‍ കമാന്‍ഡോ സംഘത്തിന് ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ളെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, മിന്നലാക്രമണത്തില്‍ പങ്കെടുത്ത കമാന്‍ഡോകളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. ശത്രുവിന്‍െറ തിരിച്ചടിയല്ല പരിക്കിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചാബിലെ ചണ്ഡിഗഢ്, ഭട്ടിന്‍ഡ, അദാംപുര്‍, ഹല്‍വാര തുടങ്ങിയ വിമാനത്താവളങ്ങള്‍ കനത്ത സുരക്ഷയിലാണ്. സംസ്ഥാനത്തിന്‍െറ അതിര്‍ത്തിഗ്രാമങ്ങളിലും മറ്റ് നിര്‍ണായക മേഖലകളിലും സുരക്ഷ ശക്തമാക്കി. പൊതുജനത്തിന് ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തു. നിലവില്‍ പഞ്ചാബ്, പാകിസ്താനുമായി 553 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. മേഖലയിലെ ആറ് ജില്ലകളും ഇതിലുള്‍പ്പെടും. അന്താരാഷ്ട്ര അതിര്‍ത്തിയുമായി ചേര്‍ന്നുകിടക്കുന്ന ആയിരത്തോളം ഗ്രാമങ്ങളില്‍നിന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ നടക്കുന്നത്. ഈ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലൂടെയും ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളിലൂടെയും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി നല്‍കി. ഈ ഭാഗങ്ങളിലെ പൊലീസ്-സുരക്ഷാ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരോട് അവധി റദ്ദാക്കി തിരികെ ജോലിക്കത്തൊനും നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.