ദാദ്രി പ്രതിയുടെ മരണം കൊലയെന്നു സ്ഥാപിക്കാന്‍ സംഘ്പരിവാര്‍

ന്യൂഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് വയോധികനെ അടിച്ചുകൊന്ന കേസില്‍ കുറ്റാരോപിതനായ യുവാവിന്‍െറ മരണം കൊലപാതകമാണെന്ന പ്രചാരണം ശക്തമാക്കാന്‍ സംഘ്പരിവാര്‍. പനി ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രവി സിസോദിയ മരിച്ച സംഭവം യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരന്തര ചര്‍ച്ചയാക്കാനാണ് നീക്കം. നേരത്തേ സംസ്കാര ചടങ്ങുകള്‍ നടത്താന്‍  വിസമ്മതിച്ച് സമ്മര്‍ദം ചെലുത്തി മൂന്നു ദിവസം വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. പിടിവാശിക്കൊടുവില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരവും വിധവക്ക് ജോലിയും നല്‍കാമെന്ന വ്യവസ്ഥ സ്വീകരിച്ച് വെള്ളിയാഴ്ച സംസ്കാരം നടത്തി.

കേസിലെ കുറ്റാരോപിതരായ മറ്റു 17 പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് ചൂടുപിടിപ്പിക്കാനും ഈ മരണം മറയാക്കുന്നുണ്ട്. മുസഫര്‍നഗര്‍ കലാപക്കേസില്‍ കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ സംഗീത് സോം തിങ്കളാഴ്ച ലുക്സാര്‍ ജയിലിലത്തെി മറ്റു തടവുകാരെ സന്ദര്‍ശിച്ചു. കൊലപാതകംതന്നെയാണ് നടന്നതെന്നും മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നും ഇയാള്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ജയിലര്‍, രവിയെക്കൊണ്ട് 200 സിറ്റ്അപ്പുകള്‍ ചെയ്യിക്കുകയും ദേഹോപദ്രവമേല്‍പിക്കുകയും ചെയ്തതാണ് അണുബാധക്ക് കാരണമായതെന്നും കുറ്റപ്പെടുത്തി. പ്രതിയുടെ മരണത്തിനുശേഷം ജയിലറെ സ്ഥലംമാറ്റിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.