ന്യൂഡല്‍ഹി: മൂന്നുവര്‍ഷം മുമ്പ് അരങ്ങേറിയ മുസഫര്‍ നഗര്‍ വര്‍ഗീയ കലാപത്തിന്‍െറ ഇരകള്‍ കടുത്ത ദുരിതത്തില്‍. മുസഫര്‍നഗര്‍-ശാംലി ജില്ലകളിലെ ഗ്രാമങ്ങളില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ട മുപ്പതിനായിരത്തോളം ആളുകള്‍ 65 അഭയാര്‍ഥി കോളനികളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് കഴിയുന്നത്. സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് കാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങളൊന്നും ഇല്ലാത്ത ഇവിടെ ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മും ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ഏതാനും വീടുകള്‍ നിര്‍മിച്ചു നല്‍കിയെങ്കിലും ഇപ്പോഴും നൂറുകണക്കിന് കുടുംബങ്ങള്‍ ഷീറ്റുകൊണ്ട് നിര്‍മിച്ച കുടിലുകളിലാണ് താമസം. മലേറിയയും പനിയും ബാധിച്ചും പാമ്പുകടിയേറ്റും നിരവധിപേരാണ് ഇവിടെ മരിച്ചത്.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യാതിരുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീതി ഉറപ്പാക്കാനും യാതൊന്നും ചെയ്യുന്നില്ളെന്ന് കലാപബാധിതരുടെ ജീവിതം സംബന്ധിച്ച പുസ്തകം തയാറാക്കിയ പൗരാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍, അക്രം അഖ്തര്‍, കലാപ ഇരകളുടെ പ്രതിനിധി ഇമ്രാന്‍ എന്നിവര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കൊലപാതകം, ബലാത്സംഗം, കൊള്ളിവെപ്പ് കേസുകളിലെ പ്രതികളില്‍ പലരെയും അറസ്റ്റു ചെയ്യാന്‍പോലും പൊലീസ് തയാറാവാത്തതുമൂലം കലാപ ഇരകളിലെ ഭീതി വിട്ടൊഴിയുന്നില്ല. സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ ധൈര്യമില്ലാത്ത ഇവര്‍ക്ക് വീടുവെക്കാന്‍ ഭൂമി വാഗ്ദാനം ചെയ്ത് ദുരിതാശ്വാസതുക കച്ചവടക്കാര്‍ തട്ടുന്ന സംഭവങ്ങളുമുണ്ട്. പൊലീസും നീതിന്യായവ്യവസ്ഥയും പ്രകടമായ വര്‍ഗീയ മുന്‍വിധിയോടെ പെരുമാറിയതുമൂലം കുറ്റാരോപിതരായ 6400 പേരില്‍ 1540 ആളുകള്‍ക്കെതിരെ മാത്രമാണ് കേസ് നടപടികള്‍ ആരംഭിച്ചത്.
പ്രതികള്‍ അജ്ഞാതരാണ് എന്നു പറഞ്ഞാണ് ഭൂരിഭാഗം കൊലപാതകകേസുകളും കുറ്റപത്രം പോലുമില്ലാതെ എഴുതിത്തള്ളിയത്. അങ്കണവാടികളോ ആരോഗ്യകേന്ദ്രങ്ങളോ ഇവിടെ ഇല്ല. ഇവിടങ്ങളിലെ താമസക്കാര്‍ക്ക് റേഷന്‍കാര്‍ഡോ തൊഴിലുറപ്പ് പദ്ധതി അംഗത്വമോ ലഭിക്കുന്നില്ല. ശാംലിയിലെ കൈരാനയില്‍നിന്ന് 300ലേറെ ഹിന്ദുക്കള്‍ ഭീതിമൂലം പലായനം ചെയ്തെന്ന ബി.ജെ.പി എം.പിയുടെ ആരോപണത്തിന് നല്‍കിയ പ്രാധാന്യത്തിന്‍െറ ഒരംശം കലാപ ഇരകളുടെ ദൈന്യത ചര്‍ച്ചചെയ്യാന്‍ പൊതുസമൂഹം കല്‍പിക്കുന്നില്ളെന്നും ഹര്‍ഷ് മന്ദര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.