ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ സര്‍വകക്ഷി സംഘത്തില്‍നിന്നുള്ളവരെ കാണാന്‍ കൂട്ടാക്കാതിരുന്ന കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്ക് നല്‍കിവരുന്ന ഇസെഡ് സുരക്ഷ അടക്കം പ്രത്യേക പരിഗണന പിന്‍വലിക്കാനാണ് നീക്കം. വിദേശസഹായം പറ്റുന്നുണ്ടോ എന്നതിനെക്കുറിച്ച് ഗീലാനിയുടെയും മകന്‍െറയും ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പരിശോധിക്കുന്നുണ്ട്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ നയിച്ച സര്‍വകക്ഷി സംഘത്തിന്‍െറ കശ്മീര്‍ ദൗത്യം ഫലം കാണാതെ പോയതിനെ തുടര്‍ന്നാണ് ഈ നീക്കം. സംഘവുമായി കൂടിക്കാഴ്ചക്ക് വിഘടനവാദി നേതാക്കളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. സ്വന്തംനിലക്ക് ഗീലാനിയെ കാണാന്‍ വസതിക്കുമുന്നില്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മറ്റും കൂടിക്കാഴ്ചക്ക് തയാറാകാതെ തിരിച്ചയക്കുകയായിരുന്നു.
മധ്യസ്ഥ സമിതിയെ കശ്മീരിലേക്ക് നിയോഗിക്കാന്‍ ഉദ്ദേശ്യമുണ്ട്. സര്‍വകക്ഷി സംഘം ബുധനാഴ്ച യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കും. വിദേശയാത്ര കഴിഞ്ഞ് തിരിച്ചത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കശ്മീര്‍ യാത്രാവിവരങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ധരിപ്പിച്ചു. വൈകീട്ട് മുതിര്‍ന്ന നേതാക്കളുടെ യോഗം ആഭ്യന്തര മന്ത്രിയുടെ വസതിയില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.