ചോര കിനിയും ഈ ഓര്‍മകളില്‍

ഇരുമ്പു ദണ്ഡുകളും വടികളുമായി  വാതില്‍ ചവിട്ടിത്തുറന്നാണ് അക്രമികള്‍ വീടിനകത്തു കയറിയത്. ഗോമാംസം കഴിക്കാറില്ളേ? എന്നായിരുന്നു ആദ്യ ചോദ്യം. നിഷേധാര്‍ഥത്തില്‍ തലയാട്ടിയപ്പോള്‍, വരുന്ന പെരുന്നാളിന് പശുവിനെ അറുക്കില്ളേ? എന്നായി... ചോദ്യങ്ങള്‍ക്കു പിന്നാലെ നടുക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. രണ്ടുപേരെ കൊലപ്പെടുത്തി. രണ്ടുപേരെ കൂട്ടമാനഭംഗത്തിനിരയാക്കി. കുട്ടികളടക്കം നാലുപേരെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു.. കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു നാടിനെ ഞെട്ടിച്ച ഈ അതിക്രമങ്ങള്‍. അന്ന് കൂട്ടമാനഭംഗത്തിനിരയായ യുവതി ആ സംഭവങ്ങള്‍ കണ്ണീരോടെ  ‘മാധ്യമ’ത്തോട് വിവരിച്ചു:

കുണ്ട്ലി-മാനസര്‍-പല്‍വല്‍ (കെ.എം.പി) എക്സ്പ്രസ്വേയുടെ ഡിംഗര്‍ഹെഡിയിലെ പാലത്തില്‍ ക്യാമ്പ് ചെയ്യാറുള്ള ഗോരക്ഷകരാണ് അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയത്. ഒരാള്‍ എന്നോട് ചോദ്യങ്ങള്‍ ഉന്നയിക്കവെ കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍  അമ്മാവന്‍ ഇബ്രാഹീമിനെയും (40)  അമ്മായി റഷീദനെയും (36) അവര്‍ ഉറങ്ങുകയായിരുന്ന കട്ടിലില്‍ വരിഞ്ഞുകെട്ടി. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളുമായി കൊടും മര്‍ദനമായിരുന്നു. (ഇരുവരും പിന്നീട് മരിച്ചു) റഷീദന്‍െറ മാറില്‍ പാല്കുടിച്ച് ഉറങ്ങുകയായിരുന്ന ഒരു വയസ്സ് തികയാത്ത പൈതലിനെ പിടിച്ചുവലിച്ചെടുത്ത് കഴുത്തില്‍ കത്തിചേര്‍ത്ത് അവര്‍ ഭീഷണിമുഴക്കി.

രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍  കൊന്നുകളയുമെന്നായിരുന്നു ആക്രോശം. അമ്മാവനെ അടിക്കുന്നതു കണ്ട് അടുത്തുകിടക്കുകയായിരുന്ന 12 വയസ്സുകാരന്‍ ജാവേദ് ഭയന്നോടി. തൊട്ടുടനെ സംഘത്തിലുള്ളവര്‍ അവനെ മുറിയില്‍ കൊണ്ടുവന്നു തള്ളി. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ നാലുപേരുടെ താണ്ഡവമായിരുന്നു. തന്നെയും ഭര്‍തൃസഹോദരിയായ പെണ്‍കുട്ടിയെയും അവര്‍ അതിക്രൂരമായി മാനഭംഗപ്പെടുത്തി. ചെറുത്തപ്പോഴെല്ലാം പൈതലിന്‍െറ കഴുത്തിനുനേരെ കത്തിമുന നീണ്ടു. ഇതെല്ലാം ജാവേദിന്‍െറ മുന്നിലായിരുന്നു നടന്നത്.വീടിനകത്തുനിന്ന് കിട്ടിയതെല്ലാം എടുത്ത് ലൈറ്റുകള്‍ അടിച്ചുതകര്‍ത്ത് തങ്ങളെ ഇരുട്ടിലാക്കിയാണ് അവര്‍ കടന്നുകളഞ്ഞത്. എല്ലാംകഴിഞ്ഞ് അവര്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പുലര്‍ച്ചെ മൂന്നുമണിയെങ്കിലുമായിക്കാണും -അവര്‍ പറഞ്ഞുനിര്‍ത്തി. എന്നാല്‍, തുടര്‍ന്നും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. എല്ലാം ജാവേദിന്‍െറ മുന്നിലായിരുന്നു നടന്നതെന്ന് പറഞ്ഞായിരുന്നു ആ അലറിക്കരച്ചില്‍. ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്സ്പ്രസ്വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത ഗ്രാമത്തിലെ ഗോരക്ഷകര്‍ ആക്രമിച്ചത്. കുടുംബനാഥനായ സഹ്റുദ്ദീന്‍െറ മകന്‍ ഇബ്രാഹീം (45) ഭാര്യ റഷീദന്‍ (36) എന്നിവരാണ് കൊല്ലപ്പെട്ടത്.

സഹ്റുദ്ദീന്‍െറ മകള്‍ക്കും മരുമകന്‍ സഫറുദ്ദീനും പേരമക്കളായ ജാവേദ്, പര്‍വേസ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. മുഹമ്മദ്പുര്‍ അഹിറിലെ ഗോരക്ഷാ പ്രവര്‍ത്തകരായ സന്ദീപ്, അമര്‍ജിത്, കരംജിത്, രാഹുല്‍ വര്‍മ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ട്. മാനഭംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ഗുഡ്ഗാവിലെ കാള്‍സെന്‍ററില്‍ ജോലിക്കാരനാണ്. സംഭവശേഷം ഇദ്ദേഹം ജോലിക്കു പോയിട്ടില്ല. ഭാര്യയെ ആശ്വസിപ്പിച്ച് കൂടെ കഴിയുകയാണ്. ‘ഇവളെന്തിന് വിഷമിക്കണം? മൃഗങ്ങളെപ്പോലെ പെരുമാറിയ അവരല്ളേ നാണിക്കേണ്ടത്?’ -ആ യുവാവ് ചോദിക്കുന്നു. ആശുപത്രിയില്‍നിന്ന് തിരിച്ചത്തെിയിട്ടും ആ ആഘാതത്തില്‍നിന്ന് ഭാര്യ മുക്തയായിട്ടില്ളെന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹീമിന്‍െറ സഹോദരന്‍ സഹ്റുദ്ദീനെയും ഭാര്യ ജഫ്റുവിനെയും വിദഗ്ധ ചികിത്സക്കായി ന്യൂഡല്‍ഹി എയിംസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
 (തുടരും)


നീതിതേടി അവര്‍ മുഖ്യമന്ത്രിയെ കണ്ടു
മേവാത്ത്: മേവാത്തിലെ ഡിംഗര്‍ഹെഡിയില്‍ നടന്ന ഇരട്ടക്കൊലയിലെയും കൂട്ടമാനഭംഗത്തിലെയും ഇരകള്‍ക്ക് നീതിചോദിച്ച് മേവാത്തില്‍നിന്നുള്ള പ്രതിനിധികള്‍ ബുധനാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ കണ്ടു. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് 11 അംഗ പ്രതിനിധിസംഘം ചണ്ഡിഗഢില്‍ ചെന്ന് മുഖ്യമന്ത്രിയെ  കണ്ടത്. രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടും കൊലക്കുറ്റം ഉള്‍പ്പെടുത്താതെയായിരുന്നു എഫ്.ഐ.ആര്‍. കൂട്ടമാനഭംഗം യാദൃച്ഛിക മാനഭംഗമാക്കി മാറ്റി. ഒടുവില്‍ 25,000 പേര്‍ പങ്കെടുത്ത മഹാപഞ്ചായത്ത് മേവാത്തില്‍ നടന്നപ്പോഴാണ് തിരിച്ചറിഞ്ഞ ഗോരക്ഷകരില്‍ നാലുപേര്‍ അറസ്റ്റിലായതും ഒരാഴ്ചക്കുശേഷം ചെയ്ത കുറ്റകൃത്യങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായതും. കേസ് അട്ടിമറിക്കാനുള്ള നീക്കം വിവാദമായപ്പോഴാണ് മുഖ്യമന്ത്രി ഖട്ടര്‍ പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.