ഒ.ബി.സിക്കാര്‍ക്ക് മേല്‍ത്തട്ട് പരിധി എട്ടു ലക്ഷമാക്കുന്നു

ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗ (ഒ.ബി.സി)ത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിലും വിദ്യാലയ പ്രവേശത്തിലും സംവരണം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ആറു ലക്ഷത്തില്‍ നിന്ന് വൈകാതെ എട്ടു ലക്ഷമാക്കി ഉയര്‍ത്തും.
സാമൂഹികനീതി മന്ത്രാലയം ഇതുസംബന്ധിച്ച ശിപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി. വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് എത്തും. വാര്‍ഷിക കുടുംബ വരുമാനം ആറു ലക്ഷത്തിനു മുകളില്‍ വരുന്ന ഒ.ബി.സിക്കാരെ മേല്‍ത്തട്ട് (ക്രീമിലെയര്‍) വിഭാഗമായി സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മേല്‍ത്തട്ടു പരിധി രണ്ടു ലക്ഷം കണ്ട് ഉയര്‍ത്തുന്നത് ഒ.ബി.സി വിഭാഗത്തില്‍ പെട്ട കൂടുതല്‍ പേര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നതിന് അവസരം ഒരുക്കും.
ആറു മാസത്തിനകം യു.പി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്നതിന് രാഷ്ട്രീയ മാനവുമുണ്ട്.
2013ലാണ് മേല്‍ത്തട്ടു പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമാക്കിയത്. 1993ല്‍ ക്രീമിലെയര്‍ പരിധി ഒരു ലക്ഷം രൂപയായിരുന്നു.
2004ല്‍ അത് രണ്ടര ലക്ഷമാക്കി. വീണ്ടും നാലു കൊല്ലത്തിനു ശേഷമാണ് നാലര ലക്ഷമാക്കി ഉയര്‍ത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.