എസ്.ബി.ടി ലയനത്തില്‍ നിന്ന് പിന്മാറ്റമില്ല –ധനമന്ത്രി

ന്യൂഡല്‍ഹി: ബാങ്ക് യൂനിയനുകളുടെയും മറ്റും എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും സ്റ്റേ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേന്ദ്ര മന്ത്രിസഭ ലയനത്തിന് പച്ചക്കൊടി കാട്ടുകയും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കും ലയനമെന്ന് പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗത്തിനുശേഷം അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എസ്.ബി.ടിക്ക് പുറമെ, ബിക്കാനിര്‍-ജയ്പൂര്‍, പട്യാല, ഹൈദരാബാദ് സ്റ്റേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത്. കേരളത്തിന്‍െറ ബാങ്കായി അറിയപ്പെടുന്ന എസ്.ബി.ടി ഇല്ലാതാക്കുന്നതില്‍ കേരള നിയമസഭ പ്രതിഷേധ പ്രമേയം പാസാക്കിയിരുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയും ചെയ്തു.

ലയന നടപടികള്‍ ചോദ്യംചെയ്ത് എസ്.ബി.ടി ഡയറക്ടര്‍മാരായ സാജന്‍ പീറ്റര്‍, എം.ജെ. ജേക്കബ് എന്നിവര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, അതൊന്നും കേന്ദ്രം കണക്കിലെടുക്കുന്നില്ളെന്നാണ് ധനമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ പൂജ്യം ബാലന്‍സ് വരാതിരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ ഒരു രൂപ നിക്ഷേപിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നാലു പൊതുമേഖലാ ബാങ്കുകള്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു.

പഞ്ചാബ്-സിന്ധ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. ആകെ ജന്‍ധന്‍ അക്കൗണ്ടുകള്‍ 24 കോടിയാണെന്നും അതിലെല്ലാം കൂടി 42,000 കോടി രൂപ നിക്ഷേപമുണ്ടെന്നും ജെയ്റ്റ്ലി വിശദീകരിച്ചു. ഒരു രൂപ വീതമാണ് നിക്ഷേപിച്ചതെങ്കില്‍ ഇത്രയും വലിയ തുക ഉണ്ടാവില്ളെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.