അടിയന്തരമായി നാട്ടിലെത്തണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയോട് ഗവർണർ

ന്യൂഡൽഹി: ഫിൻലാൻഡിൽ നിന്ന് കഴിയുന്നതും വേഗം തിരിച്ചുവരണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്. ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മറ്റ് ജലജന്യ രോഗങ്ങളും മൂലം ഡൽഹി പകർച്ചവ്യാധികളുടെ പിടിയലമർന്നിരിക്കെയാണ് ഗവർണർ ഉപമുഖ്യമന്ത്രിയോട് ഫിൻലൻഡ് സന്ദർശനം റദ്ദാക്കി തിരിച്ചുവരാൻ ആവശ്യപ്പെട്ടത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ സിസോദിയ ഫിൻലാൻഡിലെ വിദ്യാഭ്യാസ സമ്പ്രദായം പഠിക്കാനും അത് ഡൽഹിക്ക് പ്രയോജനപ്പെടുത്താനുമായാണ് ഫിൻലൻഡിലെത്തിയത്. എന്നാൽ, സിസോദിയ ഫിൻലാൻഡിൽ ഒഴിവുകാലം ആഘോഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

'ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് പഠിക്കുന്നത് ഒരു പാപമല്ല. അതിനെ 'അവധി'യെന്ന് അപകീർത്തിപ്പെടുത്തുന്നതാണ് പാപം.  ഫിൻലാൻഡിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും നമുക്ക് പഠിക്കേണ്ട പല കാര്യങ്ങളമുണ്ട്' സിസോദിയ ട്വിറ്ററിൽ പ്രതികരിച്ചു. പകർച്ചവ്യാധി രോഗം വ്യാപിച്ച ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിസോദിയ, മറ്റ് മന്ത്രിമാർ എന്നിവരുടെ അഭാവത്തിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.

30 പേരാണ് രോഗം മൂലം ഇതുവരെ മരണമടഞ്ഞത്. രോഗം ബാധിച്ചവരുടെ എണ്ണം 2,800 കവിഞ്ഞിട്ടുണ്ട്. തന്റെ വിട്ടുമാറാത്ത ചുമ ചികിത്സിക്കുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ബുധനാഴ്ച  ബെംഗളൂരുവിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.