ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്- ബോംബെ ഹൈകോടതി

മുംബൈ: സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീയുടേതാണെന്ന് ബോംബെ ഹൈകോടതി. ഗര്‍ഭസ്ഥ ശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കില്ളെങ്കില്‍ ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചു.  ജസ്റ്റിസ് വി.കെ തഹില്‍രമണി, ജസ്റ്റിസ് മൃദുല ഭട്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി.
വിവാഹം കഴിഞ്ഞവര്‍ക്ക് മാതമല്ല, പങ്കാളികളുമായി കഴിയുന്നവര്‍ക്കും ഈ ഉത്തരവ് പ്രകാരം ഗര്‍ഭസ്ഥശിശുവിനെ ഒഴിവാക്കാനാവും.

നിലവിലുള്ള ഗര്‍ഭഛിദ്ര നിയമപ്രകാരം 12 ആഴ്ചവരെയുള്ള ഭ്രൂണം മാത്രമേ വൈദ്യസഹായത്തോടെ അലസിപ്പിക്കാന്‍ കഴിയൂ. ഗര്‍ഭസ്ഥശിശുവിന് പ്രകടമായ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ, ഭ്രൂണത്തിന്‍റെ വളര്‍ച്ച മാതാവിന് അപകടമാവുകയോ ചെയ്താല്‍ 12 മുതല്‍ 20 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭവും ഒഴിവാക്കാം. എന്നാല്‍ ബോംബൈ ഹൈകോടതിയുടെ ഉത്തരവ് പ്രകാരം മാതാവിന് മാനസികമായോ ശാരീരികമായോ ഗര്‍ഭം വഹിക്കാന്‍ കഴിയില്ളെങ്കില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാമെന്നതാണ്.

‘‘സ്വന്തം ശരീരത്തിന്‍്റെ അവകാശം സ്ത്രീകള്‍ക്കാണ്. അതുപോലെ ഗര്‍ഭധാരണം, മാതൃത്വം എന്നിവയില്‍ സ്വയം തീരുമാനമെടുക്കാനും സ്ത്രീകളെ അനുവദിക്കണം. സ്വന്തം ശരീരത്തോടുള്ള അവകാശമെന്നപോലെ ഗര്‍ഭിണിയായിരിക്കണോ ഗര്‍ഭം ഒഴിവാക്കണോ എന്നുള്ളതും സ്ത്രീയുടെ അവകാശമാണ്. ഭ്രൂണം സ്ത്രീയുടെ ശരീരത്തിനകത്താണ് വളരുന്നത്. അത് അവരില്‍ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇന്ത്യന്‍ ഭരണഘടനയിലെ 21ാം വകുപ്പ് പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ ‘അന്തസോടെ ജീവിക്കാനുള്ള അവകാശ’വും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഗര്‍ഭാവസ്ഥ സ്ത്രീകളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നതായാല്‍ അത് ഒഴിവാക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്"- കോടതി ചൂണ്ടിക്കാട്ടി.

ജയിലില്‍ കഴിയുന്ന സ്ത്രീയുടെ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്ന് കോടതി സ്വമേധയാ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.