ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കുമ്പോള്‍ 92 വര്‍ഷത്തെ പ്രവര്‍ത്തനരീതിയാണ് മാറുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സാമൂഹിക പ്രതിബദ്ധത കുറക്കാന്‍ ഇത് ഇടവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു യാത്രാസൗകര്യമെന്ന പരിഗണന റെയില്‍വേക്ക് സര്‍ക്കാര്‍ നല്‍കിപ്പോരുന്നുണ്ട്. ട്രെയിന്‍ ചാര്‍ജ് കുറച്ചുനിര്‍ത്തുന്നതിന് ആവശ്യമായ സബ്സിഡി ക്രമീകരണങ്ങള്‍ നടത്തുന്നുമുണ്ട്. ജനകീയാവശ്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ പാത, പുതിയ ട്രെയിന്‍ എന്നിവക്കായി എം.പിമാര്‍ക്കും മറ്റും കൂടുതല്‍ എളുപ്പത്തില്‍ റെയില്‍വേയെ സമീപിക്കാം. ഇത്തരം സൗകര്യങ്ങള്‍ കുറയും. റെയില്‍വേ സ്വന്തം വരുമാനത്തെ കൂടുതലായി ആശ്രയിക്കേണ്ടി വരും.
ലോകത്തെ തന്നെ ഏറ്റവുംവലിയ എട്ടാമത്തെ തൊഴില്‍ ദാതാവാണ് ഇന്ത്യന്‍ റെയില്‍വേ. 13 ലക്ഷം തൊഴിലാളികളും 11 ലക്ഷം പെന്‍ഷന്‍കാരുമുണ്ട്. അവരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയെല്ലാം നല്‍കുന്ന രീതിക്കു മാറ്റമുണ്ടാവില്ല. സര്‍ക്കാര്‍ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് റെയില്‍വേ ബജറ്റ് ഇല്ലാതാക്കുന്നത്. പുതിയ പദ്ധതിയും ട്രെയിനുകളും അനുവദിക്കാനുള്ള ഉപാധിയായി റെയില്‍വേ ബജറ്റ് മാറിയതിനാല്‍ പൊതു ബജറ്റുമായി ലയിപ്പിക്കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്തിരുന്നു.
റെയില്‍വേക്ക് ഘടനാപരമായ പരിഷ്കരണങ്ങള്‍ നടത്താന്‍ ഇനി എളുപ്പമാണ്. അന്നേരമാണ് സാമൂഹിക പ്രതിബദ്ധതയിലുള്ള ചോര്‍ച്ച പുറത്തുവരുക. യാത്രാ, ചരക്കുകടത്തു കൂലി വര്‍ധിപ്പിക്കുന്നതിനുള്ള പരിമിതികള്‍ മറികടക്കാം. പുതിയ പാളങ്ങള്‍, വണ്ടികള്‍ തുടങ്ങിയവക്ക് റെയില്‍വേ മന്ത്രി നേരിടുന്ന സമ്മര്‍ദം കുറക്കാം. വരുമാനക്കമ്മിയും മൂലധന ചെലവും ധനമന്ത്രാലയത്തിനു കീഴിലേക്കു മാറും. ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ നടപ്പാക്കാനുള്ള അധികഭാരമായ 40,000 കോടി, പെന്‍ഷന്‍ ബാധ്യതയായ 8000 കോടി, സബ്സിഡി 35,000 കോടി എന്നിവ ധനമന്ത്രാലയത്തിന്‍െറ ചുമതലയിലാവും. 442 റെയില്‍വേ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 1.86 ലക്ഷം കോടി രൂപ വേണ്ടിവരും. ഇത്തരത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ ഘടനാ പരിഷ്കാരങ്ങളിലേക്ക് റെയില്‍വേയെ നിര്‍ബന്ധിതമാക്കുകയും ചെയ്യും.
റെയില്‍വേയുടെ സ്വയംഭരണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തീരുമാനമാണ് മന്ത്രിസഭയുടേതെന്ന് റെയില്‍വേ മുന്‍മന്ത്രി കൂടിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രയോജനരഹിതമായ തീരുമാനം പുന$പരിശോധിക്കണം. കേന്ദ്രസര്‍ക്കാര്‍ റെയില്‍വേക്ക് മുന്‍ഗണന നല്‍കുന്നില്ളെന്നാണ് മനസ്സിലാക്കേണ്ടത്. സാധാരണക്കാരാണ് റെയില്‍വേയെ ഏറ്റവുംകൂടുതല്‍ ആശ്രയിക്കുന്നതെന്നിരിക്കെ, അവരുടെ വിശ്വസ്ത സ്ഥാപനമെന്ന സ്ഥിതിയാണ് മാറുന്നതെന്ന് നിതീഷ്കുമാര്‍ പറഞ്ഞു. റെയില്‍വേയുടെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനാണ് പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന രീതി 90 വര്‍ഷമായി തുടര്‍ന്നത്. എം.പിമാര്‍ക്ക് പ്രാദേശികമായ കൂടുതല്‍ പരിഗണനകള്‍ ആവശ്യപ്പെടാമായിരുന്ന സ്ഥിതി മാറുകയാണെന്നും നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ റെയില്‍വേയുടെ സാമൂഹിക പ്രതിബദ്ധത, സബ്സിഡി ഉത്തരവാദിത്തങ്ങള്‍ പ്രത്യേകമായി പരിഗണിക്കുമെന്നാണ് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.