വില നിയന്ത്രണം നീക്കി: 100ഓളം മരുന്നുകളുടെ വില കൂടും

ന്യൂഡല്‍ഹി: രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവക്കുള്ളത് ഉള്‍പ്പെടെ 100ഓളം മരുന്നുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതനുസരിച്ച് മരുന്നുകളുടെ വില വര്‍ഷത്തില്‍ 10 ശതമാനം വരെ കൂടും. വിലനിയന്ത്രണ പട്ടികയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കംചെയ്തതോടെയാണ് 100ഓളം അവശ്യമരുന്നുകളുടെ വില കൂട്ടാന്‍ കമ്പനികള്‍ക്ക് വഴിയൊരുക്കിയത്.
  684 ഇനം മരുന്നുകളാണ് നേരത്തേ വിലനിയന്ത്രണ പട്ടികയിലുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്  875 ഇനം മരുന്നുകളായി ഉയര്‍ത്തി. പട്ടികയില്‍ പുതിയ കുറെ മരുന്നുകളെ ഉള്‍പ്പെടുത്തിയപ്പോള്‍ നേരത്തേ പട്ടികയിലുണ്ടായിരുന്ന 100ഓളം മരുന്നുകളെ ഒഴിവാക്കി. അങ്ങനെ ഒഴിവാക്കപ്പെട്ട  മരുന്നുകളുടെ വില വര്‍ധിപ്പിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പട്ടികയില്‍നിന്ന് നീക്കംചെയ്യപ്പെട്ട മരുന്നുകളില്‍ പലതും ധാരാളമായി ഉപയോഗത്തിലുള്ളവയാണ്.  
 അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പൊതുജനങ്ങളെ വലിയ തോതില്‍ ബാധിക്കും. വിലനിയന്ത്രണ പട്ടികക്കെതിരെ മരുന്നു കമ്പനികള്‍ കേന്ദ്ര സര്‍ക്കാറില്‍ കനത്ത സമ്മര്‍ദം ചെലുത്തിയ സാഹചര്യത്തിലാണ് 100ഓളം മരുന്നുകളുടെ വില ഒറ്റയടിക്ക് കൂടാന്‍ വഴിയൊരുങ്ങിയത്.
പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില തീരുമാനിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലുള്ള ദേശീയ മരുന്നുവില നിര്‍ണയ അതോറിറ്റിക്കാണ് (എന്‍.പി.പി.എ). പട്ടികയില്‍നിന്ന് കൂടുതല്‍ മരുന്നുകളെ ഒഴിവാക്കാന്‍ മരുന്നു കമ്പനികള്‍ കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം തുടരുകയുമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.