‘മുസ്ലിംകളെ ശുദ്ധീകരിക്കണമെന്ന മോദിയുടെ ആഹ്വാനം അപമാനകരം’

ന്യൂഡല്‍ഹി: കോഴിക്കോട് സമാപിച്ച ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ സമാപന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ പൗരാവകാശ പ്രവര്‍ത്തകര്‍. സംഘ്പരിവാര്‍ താത്ത്വികനായിരുന്ന ദീനദയാല്‍ ഉപാധ്യായയെ ഉദ്ധരിച്ചു സംസാരിച്ച മോദി മുസ്ലിംകളെ ശുദ്ധീകരിക്കണമെന്ന് ആഹ്വാനം ചെയ്തതിനെതിരെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ പ്രഫ. യോഗേന്ദ്രയാദവും വനിതാ അവകാശ പ്രവര്‍ത്തക കവിതാ കൃഷ്ണനുമാണ് പ്രതിഷേധമുയര്‍ത്തിയത്. മുസ്ലിംകളെ ശുദ്ധീകരിക്കണമെന്ന പ്രയോഗത്തെ ശാക്തീകരിക്കണം എന്നാക്കി അവതരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ട്വിറ്ററിലൂടെയാണ് യോഗേന്ദ്ര പ്രതിഷേധം കുറിച്ചത്.

ശുദ്ധീകരിക്കുക എന്നര്‍ഥം വരുന്ന ഹിന്ദി വാക്കാണ് മോദി ഉപയോഗിച്ചത്. ടെലഗ്രാഫ് ഉള്‍പ്പെടെ ചില പത്രങ്ങള്‍ പ്യൂരിഫൈ എന്നു തന്നെ പ്രധാന തലക്കെട്ടാക്കി. ഒരു ന്യൂനപക്ഷ സമുദായത്തെ ശുദ്ധീകരിക്കണമെന്നു പറഞ്ഞ മോദിയുടേത് ഗുരുതരമായ പ്രയോഗമാണെന്നും രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരം പ്രസ്താവന നടത്തുന്നതെന്നും അഖിലേന്ത്യാ പുരോഗമന മഹിളാ അസോസിയേഷന്‍ സെക്രട്ടറിയായ കവിതാ കൃഷ്ണന്‍ പറഞ്ഞു. മോദി പ്രയോഗിച്ച ഹിന്ദി വാക്കിന് നിഘണ്ടുവില്‍ ശുദ്ധീകരിക്കുക, സഭ്യമാക്കുക എന്നീ അര്‍ഥങ്ങളാണുള്ളതെന്നും മോദി ഏതാണ് ഉദ്ദേശിച്ചതെന്നും മഹാത്മാ ഗാന്ധിയുടെ ചെറുമകനും സാംസ്കാരിക പ്രവര്‍ത്തകനുമായ തുഷാര്‍ അരുണ്‍ ഗാന്ധി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.