പാകിസ്​താനെ ഒറ്റപ്പെടുത്തി അയൽരാജ്യങ്ങളും സാർക്​ ബഹിഷ്​കരിക്കുന്നു

ന്യൂഡൽഹി:  ഇന്ത്യക്ക്​ പിറകെ സാർക്​ ഉച്ചകോടി ബഹിഷ്​കരിച്ച്​ അയൽരാജ്യങ്ങളും. ഇന്ത്യ പിൻമാറിയതിന്​ തൊട്ടുപിറകെയാണ്​ അഫ്​ഗാനിസ്ഥാൻ, ബംഗളാദേശ്​, ഭൂട്ടാൻ എന്നീ രാജ്യങ്ങളും​ ഇസ്​ലാമാബാദിൽ നടക്കുന്ന സാർക്​ ഉച്ചകോടിയിൽ പ​െങ്കടുക്കില്ലെന്ന്​ അറിയിച്ചത്​. എട്ട്​ അംഗരാജ്യങ്ങളുള്ള സാർക്​ ഉച്ചകോടിയിൽ നിന്നും ഒരു രാജ്യം കൂടി പിന്മാറിയാൽ നവംബറിൽ സമ്മേളനം നടക്കില്ല.

പാകിസ്​താൻ നടത്തുന്ന  ആഭ്യന്തര ഇടപെടലുകളും മേഖലയിൽ നിലനിൽക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളും മൂലം  19ാമത്​ സാർക്​ ഉച്ചകോടിക്ക്​ ആതിഥേയത്വം വഹിക്കാൻ അനുകൂലമായ സാഹചര്യമല്ല നിലനിൽക്കുന്നത്​.  ഇക്കാരണത്താലാണ്​ ഇസ്​ലാമാബാദിലെ ഉച്ചകോടി ബഹിഷ്​കരിക്കുന്നതെന്ന്​ സാര്‍ക്ക്​ അധ്യക്ഷ രാജ്യമായ നേപ്പാളിനെ ബംഗളാദേശ്​ അറിയിച്ചു.

ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്​താ​​െൻറ നയത്തിനെതിരെ  സാർക്​ അംഗരാജ്യങ്ങൾക്ക്​ ഉത്​കണ്​ഠയുണ്ട്​. തീവ്രവാദ സംഘടനകളുടെ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്​താനിൽ നടക്കുന്ന സമ്മിറ്റിൽ  പ​െങ്കടുക്കില്ലെന്ന്​   ഭൂട്ടാൻ സർക്കാർ അധ്യക്ഷ രാഷ്​ട്രത്തെ അറിയിച്ചു.

സാർക്​ മേഖലയിൽ ഭീകരവാദ ഭീഷണി നിലനിൽക്കുകയും പാകിസ്​താൻ അതിന്​ പ്രോത്സാഹനം നൽകുകയും അയൽരാജ്യങ്ങളുടെ സമാധാനം തകർക്കുന്ന രീതിയിലേക്ക്​ തീവ്രവാദം വളരുകയും ചെയ്യുന്ന അവസ്ഥയിൽ ഉച്ചകോടിയിൽ പ​െങ്കടുക്കുന്നില്ലെന്ന്​ അഫ്​ഗാനിസ്​താൻ അറിയിച്ചിട്ടുണ്ട്​.
 ഇസ്​ലാമാബാദിൽ നടക്കാനിരിക്കുന്ന ഉച്ചകോടി സംബന്ധിച്ച്​ മറ്റ്​ അംഗങ്ങളായ ശ്രീലങ്ക, മാലദ്വീപ്​,നേപ്പാൾ എന്നീ രാഷ്​ട്രങ്ങളുടെ തീരുമാനം നിർണായകമാകും.
നവംബര്‍ 9,10 തീയതികളിലാണ് സാര്‍ക് ഉച്ചകോടി നടക്കുക.

 അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതും അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നതും ഉച്ചകോടിക്കു പറ്റിയ അന്തരീക്ഷം നഷ്ടപ്പെടുത്തിയെന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അധ്യക്ഷ രാജ്യത്തെ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.