മുംബൈ: 15 പൊലീസുകാരടക്കം 16 പേർ കൊല്ലപ്പെട്ട 2019 ലെ ഗഡ്‌ചിറോളി സ്‌ഫോടനക്കേസിൽ മാവോവാദി നേതാവ് സത്യനാരായണ റാണിക്കെതിരെ കുറ്റംചുമത്തിയതിൽ പിഴവില്ലെന്നും അദ്ദേഹത്തിനെതിരെ തെളിവുണ്ടെന്നും ബോംബെ ഹൈകോടതി.
കേസ് തളളണമെന്നാവശ്യപ്പെട്ട് 73 കാരനായ സത്യനാരായണ റാണി നൽകിയ ഹരജി 2021ൽ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ഭാരതി ഡാൻഗ്രെ, മഞ്ചുഷ ദേശ്പാൺഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
കഴിഞ്ഞ 10 നാണ് കോടതി സത്യനാരായണയുടെ അപ്പീൽ തള്ളിയത്. വിധിപ്പകർപ്പ് ലഭ്യമായത് വ്യാഴാഴ്ചയാണ്. സാക്ഷി മൊഴികളും മറ്റ് തെളിവുകളും പരിഗണിച്ചാണ് സത്യനാരായണക്കെതിരെ പ്രത്യേക കോടതി കുറ്റംചുമത്തിയതെന്നും അതിൽ അപാകതയില്ലെന്നും ഹൈകോടതി പറഞ്ഞു. സത്യനാരായണ ഉൾപ്പെടെ പ്രതികൾ നിരോധിത സംഘടനയായ സി.പി.ഐ (എം) അംഗങ്ങളാണെന്നും സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ വെളിപ്പെടുത്തുന്നതായി കോടതി പറഞ്ഞു.
40 മാവോവാദികളെ വധിച്ചതിന് പ്രതികാരമായാണ് സുരക്ഷാ സേനക്ക് നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്തതെന്നും ഗൂഢാലോചനയിൽ സത്യനാരായണക്ക് പങ്കുള്ളതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.