2020ലെ ഡൽഹി കലാപം: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. ഉമർ ഖാലിദിനുവേണ്ടി വാദിക്കുന്നതിന് നേതൃത്വം നൽകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകാത്തതിനാൽ ഹരജി മാറ്റിവെയ്ക്കാൻ മറ്റു അഭിഭാഷകർ ആവശ്യപ്പെടുകയായിരുന്നു.

കേസ് മാറ്റിവെക്കുന്നതിൽ കോടതി നീരസം അറിയിക്കുകയും ചെയ്തു. കോടതിക്ക് ഏതെങ്കിലും മുതിർന്ന അഭിഭാഷകനെ കാത്തിരിക്കാൻ കഴിയില്ല. അവസാന അവസരം നൽകുന്നുവെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമർ ഖാലിദ് 2020 സെപ്റ്റംബർ മുതൽ ജയിലിലാണ്. ഹൈക്കോടതി ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് രജനീഷ് ഭട്നാഗർ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ വർഷം അ​ദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഖാലിദ് സുപ്രീം കോടതിയെ സമീപിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിൽ അപകീർത്തികരമായ പ്രസംഗങ്ങൾ നടത്തി എന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഉമർ ഖാലിദിനെ കൂടാതെ ഷർജീൽ ഇമാമും മറ്റു വിദ്യാർഥികളും പ്രതികളാണെന്നും ഡൽഹി പോലീസ് പറയുന്നു. ഡൽഹിയിൽ നടന്ന കലാപത്തിൽ 50 ലധികം ആളുകൾ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 2020 Delhi riots: Supreme Court adjourns hearing on Umar Khalid's bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.