2024 ലെ മത്സരം മോദിയും കെജ്രിവാളും തമ്മിൽ -സിസോദിയ

ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നേർക്കു നേർ ഏറ്റുമുട്ടുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ. ഡൽഹി സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്ഡ് നടത്തിയത് കേന്ദ്രസർക്കാരിന്റെ തിരക്കഥയനുസരിച്ചാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഡൽഹി സർക്കാരിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായാണിത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മുഖ്യമന്ത്രി കെജ്രിവാൾ നടപ്പാക്കിയ പദ്ധതികൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതെല്ലാം നിർത്തലാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

കെജ്രിവാളിന് ദേശീയതലത്തിൽ മോദിയെ നേരിടാനുള്ള താരപരിവേഷം കൈവന്നിരിക്കയാണ്. ​കെജ്രിവാൾ സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കുമ്പോൾ മോദി പണക്കാർക്ക് വേണ്ടി സേവനം ചെയ്യുകയാണെന്നും ഇരുവരെയും താരതമ്യം ചെയ്തു കൊണ്ട് സിസോദിയ വിമർശിച്ചു. ഇത്തരം ആളുകൾ അഴിമതിയെ കുറിച്ച് ആശങ്കപ്പെടാറില്ല. ജനങ്ങൾ ഒന്നടങ്കം സ്നേഹിക്കുന്ന അരവിന്ദ് കെജ്രിവാൾ ആണ് അവരുടെ ഉന്നം.

ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള തിരക്കിട്ട പദ്ധതികൾ മെനയുകയാണ് മോദി എപ്പോഴും. പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് അദ്ദേഹം ചെ​യ്യേണ്ടത്. അല്ലാതെ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയല്ല. നന്നായി ജോലി ചെയ്യുന്ന മന്ത്രിമാരെ അറസ്റ്റ് ചെ​യ്യുന്ന കീഴ്വഴക്കം മോദിക്ക് അത്ര നല്ലതല്ല. നന്നായി ജോലി ചെയ്യുന്ന ആരോഗ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെടുന്നു. അതുപോലെ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഞാനും നന്നായി ജോലി ചെയ്യുന്നുണ്ട്. എന്നെ അറസ്റ്റ് ചെയ്യുകയാണ് അദ്ദേഹത്തിന്റെ ആവശ്യം. അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ സി.ബി.ഐ അധികൃതർ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും സിസോദിയ സൂചിപ്പിച്ചു.

അവർ ഡൽഹി ആരോഗ്യമന്ത്രി സ​ത്യേന്ദർ ജെയിനിനെ അറസ്റ്റ് ചെയ്തു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ എന്റെ കാര്യവും തീരുമാനമാകും. ഡൽഹി സർക്കാരിന്റെ മദ്യനയം ഏറ്റവും സുതാര്യമായാണ് നടപ്പാക്കിയതെന്നും ഒരുതരത്തിലുള്ള അഴിമതി നടന്നി​ട്ടില്ലെന്നും സിസോദിയ ഉറപ്പിച്ചു പറഞ്ഞു. അതിനിടെ അഴിമതി ആരോപണമുയർന്ന് സിസോദിയ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്. ശനിയാഴ്ച ഈ ആവശ്യമുന്നയിച്ച് അവർ ഡൽഹിയിൽ പ്രകടനവും നടത്തി. 

Tags:    
News Summary - 2024 battle will be Modi vs Kejriwal, says Manish Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.