പട്ന: ബിഹാറിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾക്ക് തീയിട്ട് അക്രമികൾ. നവാദ ജില്ലയിലാണ് സംഭവം. വസ്തുതർക്കത്തിന്റെ പേരിലാണ് വീടുകൾക്ക് തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പടെ 15 പേർ അറസ്റ്റിലായെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിഹാറിൽ ജംഗിൾ രാജാണ് നിലനിൽക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സംഭവമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ആദ്യം പുറത്ത് വന്ന വിവരപ്രകാരം 80 വീടുകൾക്ക് തീയിട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ, പിന്നീട് 21 വീടുകൾക്ക് മാത്രമാണ് തീയിട്ടതെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. കൂടുതൽ സംഘർഷ സാധ്യത ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
തങ്ങളുടെ താമസസ്ഥലത്തേക്ക് ഇരച്ചുകയറിയെത്തി അക്രമികൾ നിരവധി കുടുംബങ്ങളെ മർദിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തുവെന്ന് ഗ്രാമീണർ പറഞ്ഞു. അക്രമികൾ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തുവെന്ന് ഗ്രാമീണർ ആരോപിച്ചു.
അതേസമയം, സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് അഭിനവ് ദിമാൻ പറഞ്ഞു. ഒരാൾക്കാണ് അക്രമത്തിനിടെ പരിക്കേൽക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല യോഗം വിളിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.