മംഗളൂരു: ഇതരമതക്കാരിയായ സുഹൃത്തിനൊപ്പം യാത്ര ചെയ്ത 23കാരന് നേരെ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. മർദനത്തിനിരയായ യുവാവിനെ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം.
'നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി 9.30നായിരുന്നു സംഭവം. വ്യത്യസ്ത മതക്കാരായ ആൺകുട്ടിയും പെൺകുട്ടിയും സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു. ബസ് തടഞ്ഞു നിർത്തിയ അക്രമികൾ ഇരുവരെയും പിടിച്ചിറക്കുകയായിരുന്നു. ആൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച പെൺകുട്ടിക്കും മർദനമേറ്റു' -പൊലീസ് കമീഷണർ ശശി കുമാർ പറഞ്ഞു.
'ഏഴോ എട്ടോ പേർ കസ്റ്റഡിയിലുണ്ട്. സംഭവത്തിൽ ഉൾപെട്ട നാല് ബജ്രംഗ് ദൾ പ്രവർത്തകർ ഉടൻ അറസ്റ്റിലാകും. കാറിലെത്തിയ നാലംഗ സംഘം ബസ് തടയുകയായിരുന്നു. ക്രൂര മർദനത്തിനിരയായ യുവാവിന്‍റെ ഇടുപ്പിന് കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനില സാധാരണഗതിയിലായിട്ടുണ്ട്' -കുമാർ പറഞ്ഞു.
ബംഗളൂരുവിലേക്ക് സ്വകാര്യ ബസിൽ പുറപ്പെട്ട പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു യുവാവ്. നഗരം കൂടുതൽ പരിചിതമാണെന്നതിനാൽ സഹായകമാകും എന്ന് കരുതിയാണ് യുവാവിനെ ഒപ്പം കൂട്ടിയത്. കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.