ന്യൂഡൽഹി: ഇന്ത്യയും യു.കെയും കുറ്റവാളികളെ കൈമാറുന്ന കരാർ ഒപ്പുവെച്ച് 24 വർഷത്തിന് ശേഷം ആദ്യമായി ഒരു കുറ്റവാളിയെ യു.കെ ഇന്ത്യക്ക് കൈമാറി. കരാറിൽ ഒപ്പുവെച്ചിട്ടും യു.കെ കുറ്റവാളികളെ കൈമാറാത്തതിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ കടുത്ത നിരാശയിലായിരുന്നു. 2002 ഗുജറാത്ത് കലാപക്കേസിലെ പ്രതി സമീർഭായ് വിനുഭായ് പട്ടേലിനെയാണ് ഇന്ത്യക്ക് കൈമാറിയത്.
നാൽപതുകാരനായ പട്ടേൽ കൈമാറ്റത്തെ എതിർക്കാത്തതിനാലാണ് ഇന്ത്യയിലേക്ക് അയച്ചതെന്നും അദ്ദേഹം കുറ്റം സമ്മതിച്ചുവെന്നും യു.കെ ആഭ്യന്തര സെക്രട്ടറി ആംബർ റഡ് അറിയിച്ചു. ആഗസ്റ്റ് 9നും സെപ്തംബർ 22നും ഇടയിലാണ് പട്ടേലിനെ അറസ്റ്റ് ചെയ്തെന്നും അവർ അറിയിച്ചു. എന്ത് കൊണ്ടാണ് പട്ടേൽ കുറ്റം സമ്മതിച്ചതെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നലും കരാർ ഒപ്പുവെച്ച് വർഷങ്ങൾക്ക് ശേഷം നടന്ന കൈമാറ്റത്തെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കാണുന്നത്. ഗുജറാത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പട്ടേലിനെ വിചാരണക്കായി കൊണ്ടുപോയി. കലാപക്കേസിൽ അറസ്റ്റിലായ പട്ടേൽ ജാമ്യമെടുത്ത ശേഷം ലണ്ടനിലേക്ക് കടക്കുകയായിരുന്നു.
അതേസമയം, ഗുജറാത്തില്‍ 1993ല്‍ സ്ഫോടനങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായ ടൈഗര്‍ ഹനീഫ് കൈമാറ്റത്തെ എതിർത്തിരുന്നു. ദാവൂദ് ഇബ്രാഹീമിന്‍റെ അടുത്ത അനുയായി ആയിരുന്ന ഇയാൾ ബോൾട്ടനിൽ വെച്ച് അറസ്റ്റിലായിരുന്നുവെങ്കിലും നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ട് കഴിയുകയാണ്. നിരവധി കുറ്റവാളികളാണ് ഇന്ത്യയിലെ നിയമനടപടികളിൽ നിന്ന് ഒളിച്ചോടി യു.കെയിൽ കഴിയുന്നത്. വിവിധ ബാങ്കുകളില്‍നിന്നായി വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടക്കാതെ മുങ്ങിയ കേസിലെ പ്രതി വിജയ് മല്യ, ഫോറെക്സ് (വിദേശ നാണയ വിനിമയ) ചട്ടങ്ങള്‍ ലംഘിച്ച കേസിൽ ലളിത് മോദി, ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ പ്രതിയായ രവി ശങ്കരന്‍, ടി.സീരീസ് മ്യൂസിക്കിന്‍െറ സ്ഥാപകനായ ഗുല്‍ഷന്‍ കുമാറിന്‍െറ ഘാതകനെന്ന് കരുതുന്ന സംഗീത സംവിധായകന്‍ നദീം സൈഫി, വിഘടനവാദികളായ ഖാലിസ്ഥാന്‍ മൂവ്മെന്‍റിന്‍െറ അംഗങ്ങള്‍ തുടങ്ങി നിരവധിയാളുകളാണ് ലണ്ടനില്‍ കഴിയുന്നത്.
ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 1993ല്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചെങ്കിലും ഇതേവരെ ഒരൊറ്റ കുറ്റവാളിയെ പോലും ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറിയിട്ടില്ല. എന്നാല്‍, 2003ല്‍ സതാംപ്ടണില്‍ വെച്ച് ബാലികയായ ഹന്ന ഫോസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മനീന്ദര്‍പാല്‍ സിങ്ങിനെ ഇന്ത്യ 2008ല്‍ ബ്രിട്ടന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.