വിവാഹയാത്ര ദുരന്തയാത്രയായി; 25 പേരുടെ മരണത്തിൽ നടുങ്ങി രാജ്യം

ഉത്തരാഖണ്ഡ്: വിവാഹസംഘം സഞ്ചരിച്ച ബസ് മലയിടുക്കിൽ മറിഞ്ഞ് 25പേർ മരിച്ച സംഭവത്തിൽ നടുങ്ങി രാജ്യം. ഉത്തരാഖണ്ഡ് ധൂമാക്കോട്ടിലെ ബിരോഖൽ മേഖലയിൽ ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അപകടം. 50 ഓളം പേര​േുമായി പോവുകയായിരുന്ന ബസ് മലയിടുക്കി​ലെ താഴ്ചയിലേക്ക് മറിഞ്ഞാണ് 25 പേർ മരിച്ചത്.

അപകടം ഹൃദയഭേദകമാ​ണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'ഉത്തരാഖണ്ഡിലെ പൗരിയിൽ നടന്ന ബസ് അപകടം ഹൃദയഭേദകമാണ്. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമുണ്ടാകും. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകും' പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചു.

അപകടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് ബസിലുണ്ടായിരുന്ന 21 പേരെ രാത്രി തന്നെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഡിജിപി അശോക് കുമാർ അറിയിച്ചു.

പൗരി ഗർവാൾ ജില്ലയിൽ റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ബസ് 500 മീറ്റർ ആഴത്തിലേക്കാണ് പതിച്ചത്. സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.

ഇന്നലെ രണ്ട് ദുരന്തങ്ങൾക്കാണ് ഉത്തരാഖണ്ഡ് സാക്ഷിയായത്. രാവിലെ ഗഢ്‌വാളിലുണ്ടായ ഹിമപാതത്തിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. സംഭവത്തിൽ ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കൊല്ലപ്പെട്ടത്. ദ്രൗപതി ദണ്ഡ 2 കൊടുമുടിയിലുണ്ടായ ഹിമാപാതത്തിൽ ആകെ 28 പർവതാരോഹകരാണ് കുടുങ്ങിയത്.

രാവിലെ ഒമ്പത് മണിയോടെയാണ് സംഘത്തിന് മേൽ ഹിമപാതമുണ്ടായത്. 16,000 അടി ഉയരത്തിൽ വെച്ചാണ് സംഭവം നടന്നത്. ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്. 

Tags:    
News Summary - 25 Of Wedding Party Killed After Bus Falls Into Uttarakhand Gorge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.