വാഹനമിടിച്ചു മരിച്ച യുവതി

മുംബൈയിൽ മദ്യലഹരിയിൽ അമിതവേഗതയിലോടിച്ച എസ്‌.യു.വി ഇടിച്ച് യുവതി മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

മുംബൈ: അമിതവേഗതയിലെത്തിയ കാർ ഇടിച്ച് രണ്ടു മക്കളുടെ മാതാവും 27കാരിയുമായ യുവതി കൊല്ലപ്പെട്ടതായി മുംബൈ പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഷഹന ജാവേദ് ഇഖ്ബാൽ ഖാസി എന്ന യുവതിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൈലാഞ്ചി കലാകാരിയായ ഷഹന മെഹന്ദി ക്ലാസ് കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മുംബൈ മലാഡിലെ ഓറിസ് ടവറി​ന്‍റെ ഗേറ്റിന് മുന്നിലൂടെ നടക്കുമ്പോൾ അമിതവേഗതയിൽ വന്ന ഫോർഡ് എസ്‌.യു.വി ഇടിക്കുകയായിരുന്നു. കാർ നിർത്താതെ റോഡി​ന്‍റെ ഡിവൈഡറിലേക്ക് ഇവരെ വലിച്ചിഴച്ചതായി നാട്ടുകാർ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ രോഷാകുലരായ ജനക്കൂട്ടം മർദിച്ചു. എസ്‌.യു.വിയുടെ ഇന്‍റീരിയറും നശിപ്പിച്ചു. ഡ്രൈവർ അനൂജ് സിൻഹ (45)യെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഓറിസ് ടവറിലെ താമസക്കാരനാണ് സിൻഹ.

അപകടം വരുത്തിയ എസ്.യു.വി നാട്ടുകാർ ആക്രമിച്ചപ്പോൾ

ഭർത്താവിനും ഇളയ സഹോദരനും രണ്ട് കുട്ടികൾക്കുമൊപ്പം ഓറിസ് ടവറിന് സമീപമുള്ള എസ്.ആർ.എ കെട്ടിടത്തിലാണ് യുവതി താമസിച്ചിരുന്നത്. മുംബൈ കോർപറേഷനിലെ ഖരമാലിന്യ സംസ്കരണ വിഭാഗത്തിൽ കരാർ തൊഴിലാളിയാണ് ഇവരുടെ ഭർത്താവ്.

ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതിയെ അമിതവേഗതയിൽ വന്ന ബി.എം.ഡബ്ല്യു ഇടിച്ചുവീഴ്ത്തി 100 മീറ്ററോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ ‘വോർലി ഹിറ്റ് ആൻഡ് റൺ’ കേസിന് മാസങ്ങൾക്കുള്ളിലാണ് പുതിയ സംഭവം. ശിവസേന നേതാവ് രാജേഷ് ഷായുടെ 24കാരനായ മകൻ മിഹിർ ഷായാണ് അന്ന് കാർ ഓടിച്ചിരുന്നത്. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം ജൂലൈ 9നാണ് ഷാ അറസ്റ്റിലായത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഇയാളുടെ ഡ്രൈവർ ബിദാവത്തിനെ അപകടം നടന്ന ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - 27-Year-Old Mother Of 2 Killed By Speeding SUV In Mumbai, Driver Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.