ന്യൂഡൽഹി: പാർട്ടി പത്രവുമായി ബന്ധപ്പെട്ട രണ്ട് സ്ഥാപനങ്ങളുടെ സ്വത്ത് കൈമാറ്റത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്നുദിവസംകൊണ്ട് നേരിട്ടത് 30 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ. അറസ്റ്റിലേക്ക് നയിക്കുന്നവിധം കുരുക്ക് മുറുക്കുന്നുവെന്ന സംശയങ്ങൾക്കിടയിൽ വെള്ളിയാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11.35നാണ് രാഹുൽ ഇഡിയുടെ ഡൽഹി ആസ്ഥാനത്തെത്തിയത്. ചൊവ്വാഴ്ച 11 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. അതിന് ശേഷം സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം അമ്മ സോണിയാ ഗാന്ധിയെ കാണാൻ രാഹുൽ സർ ഗംഗാ റാം ആശുപത്രിയിലെത്തിയിരുന്നു. കോവിഡ് അനാരോഗ്യത്താൽ ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ.
നാഷനൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയറ്റഡ് ജേണൽസ്, ഉടമകളായ യങ് ഇന്ത്യൻ കമ്പനികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ രാഹുലിനുള്ള വ്യക്തിപരമായ പങ്കിനെക്കുറിച്ചാണ് ഇ.ഡിയുടെ അന്വേഷണം. രാഹുലിന്റെ മൊഴി അതത് ദിവസം കടലാസിൽ ടൈപ് ചെയ്തശേഷം രാഹുൽ വായിച്ചുനോക്കി ഒപ്പിട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയാണ് ചെയ്തത്. മൊഴി നൽകുന്നതിന്റെ ശബ്ദരേഖയും വിഡിയോയും റെക്കോഡാക്കിയിട്ടുണ്ട്.
പാർട്ടി പത്രവുമായി ബന്ധപ്പെട്ട് ക്രിമിനൽ കുറ്റമോ കള്ളപ്പണ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറോ ഇല്ലാതെയാണ് കോൺഗ്രസ് നേതാക്കളെ പ്രതികാരബുദ്ധിയോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുന്നതെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. എന്നാൽ, ആദായനികുതി വകുപ്പ് നേരത്തെ കോടതിയിൽ ഫയൽചെയ്ത കുറ്റപത്രം അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നതെന്നാണ് ഇ.ഡി വൃത്തങ്ങളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.