കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷവും അക്രമവും തുടരുന്നു. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ വ്യാഴാഴ്ചമൂന്ന് പേർ വെടിയേറ്റ് മരിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ രണ്ടും നോർത്ത് ദിനാജ്പുരിൽ ഒരാളുമാണ് മരിച്ചത്. മൂന്നുപേരും ഇടതുപക്ഷ-കോൺഗ്രസ് അനുയായികളാണെന്നും നോർത്ത് ദിനാജ്പുർ ജില്ലയിലെ ചോപ്ര ബ്ലോക്ക് ഓഫിസിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ല. തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. അതേസമയം, തൃണമൂൽ ആരോപണം നിഷേധിച്ചു. ബിർഭും ജില്ലയിലും മറ്റിടങ്ങളിലും സംഘർഷമുണ്ടായി. ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.അതിനിടെ, ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കൊൽക്കത്ത ഹൈകോടതി നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ ജൂൺ 13ന് ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന് വിമർശിച്ച ഹൈകോടതി 48 മണിക്കൂറിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും താക്കീത് നൽകി. സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈകോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.