റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു. 10 പേർക്ക് പരിക്കേറ്റു. മാവോവാദികൾക്കെതിരെ കമാൻഡോകൾ തിരിച്ചടി ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ പുറത്തെടുക്കാൻ ഹെലികോപ്ടറുകൾ അയക്കുമെന്നും സുരക്ഷാസേന വൃത്തങ്ങൾ അറിയിച്ചു.
ബീജാപുർ-സുക്മ ജില്ല അതിർത്തിയിലെ തെക്കൽഗുഡം ഗ്രാമത്തിനു സമീപം സുരക്ഷ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ബസ്തർ റേഞ്ച് ഐ.ജി പി. സുന്ദർരാജ് പറഞ്ഞു.
സി.ആർ.പി.എഫിന്റെ 150 ബറ്റാലിയനിലെയും കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) 201 ബറ്റാലിയനിലെയും സുരക്ഷ ഉദ്യോഗസ്ഥർ ഫോർവേഡ് ഓപറേറ്റിങ് ബേസ് (എഫ്.ഒ.ബി) സ്ഥാപിക്കാനായി പ്രവർത്തിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടലിന്റെ തുടക്കം.
മാവോവാദികളുടെ സ്വാധീനമേഖലകളിൽ സുരക്ഷാസേനക്ക് സൗകര്യങ്ങളൊരുക്കുന്ന വിദൂര നിയന്ത്രിത ക്യാമ്പാണ് എഫ്.ഒ.ബി. വനമേഖലയിൽ പ്രവർത്തിക്കാനായി രൂപംനൽകിയ സി.ആർ.പി.എഫിന്റെ പ്രത്യേക വിഭാഗമാണ് കോബ്ര ബറ്റാലിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.