നാരായൺപൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോവാദികളെ വധിച്ചു. നാരായൺപൂർ-ദന്തേവാഡ അതിർത്തിയിലെ മാദിലാണ് ഏറ്റുമുട്ടൽ നടന്നത്. സംയുക്തസേന നടത്തിയ തിരച്ചിലിൽ 23 മൃതദേഹങ്ങൾ കണ്ടെത്തി.
ഉച്ചക്ക് ഒരു മണിയോടെ നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മാദിലെ തുൽത്തുലി, നെന്ദൂർ ഗ്രാമങ്ങൾക്കിടയിലെ വനമേഖലയിലാണ് വെടിവെപ്പ് നടന്നത്. സംസ്ഥാന പൊലീസിന്‍റെ ഡിസ്ട്രിക് റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്ക് ഫോഴ്സുമാണ് തിരച്ചിലിൽ പങ്കാളികളായത്.
എ.കെ. 47 റൈഫിൾ, സെൽഫ് ലോഡിങ് റൈഫിൾ (എസ്.എൽ.ആർ) അടക്കം ഓട്ടോമാറ്റിക് ആയുധങ്ങളുടെ വൻ ശേഖരം മാവോവാദികളിൽ നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു. പ്രദേശത്ത് സേനയുടെ വിശദമായ തിരച്ചിൽ നടത്തുകയാണ്.
ഏപ്രിൽ 16ന് ഉന്നത നേതാക്കളടക്കം 29 മാവോവാദികളെ കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു.
സെപ്റ്റംബർ മൂന്നിന് ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോവാദികളെ വധിച്ചിരുന്നു. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിരുന്നു.
ഇതോടെ ഛത്തീസ്ഗഢിൽ ഈ വർഷം സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 185 പിന്നിട്ടു. അതേസമയം, ബിജാപുർ ജില്ലയിൽ 13 മാവോവാദികളെ സംയുക്ത ദൗത്യസേന അറസ്റ്റ് ചെയ്തിരുന്നു. ബസ്തർ മേഖലയിൽ ദന്തേവാഡ, ബിജാപുർ ഉൾപ്പെടെ ഏഴു ജില്ലകളാണുള്ളത്.
സെപ്റ്റംബർ 22ന് ദന്തേവാഡ ജില്ലയിൽ ദമ്പതികൾ ഉൾപ്പെടെ നാല് മാവോവാദികൾ പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. ദമ്പതികളെ കൂടാതെ കീഴടങ്ങിയ രണ്ടു പേരും വനിതകളാണ്. നാലു പേരുടെയും കൂടി തലക്ക് സർക്കാർ 20 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.
നക്സലുകളെ സമാധാനപാതയിലേക്ക് കൊണ്ടുവരാൻ 2020 ജൂണിൽ ‘വീട്ടിലേക്ക് മടങ്ങുക’ കാമ്പയിൻ ആരംഭിച്ച ശേഷം 872 മാവോവാദികൾ കീഴടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.