ന്യൂഡൽഹി: ആൾദൈവം ഗുർമീത് റാം റഹീം സിങ് ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടർന്നുണ്ടായ അനുയായികളുടെ അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 31 ആയി. സംഭവത്തിൽ 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് അക്രമികൾ അഴിഞ്ഞാടിയത്. അക്രമത്തിന് നേതൃത്വം നൽകിയ 15 ദേര സച്ച സൗദ അനുയായികളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനങ്ങളിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായാണ് വിവരം. പൊലീസും ദ്രുതകര്‍മസേനയും ക്രമസമാധാന പാലത്തിനായി അക്രമ പ്രദേശങ്ങളിൽ റോന്ത് ചുറ്റുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും സംഘർഷ സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 24 മുതൽ ഇന്നുവരെ 600ൽ അധികം ട്രെയിനുകൾ റദ്ദാക്കി.
ഹരിയാനയിലെ രണ്ട് ദേര സച്ചാ സൗദ ആശ്രമങ്ങൾ പൊലീസ് അടപ്പിക്കാൻ ഉത്തരവിട്ടു. എത്രയും വേഗം ആശ്രമം ഒഴിയാൻ അനുയായികളോട് ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. ക്രമസമാധാന നിലയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര വകുപ്പ് ഇന്ന് ഡൽഹിയിൽ യോഗം വിളിച്ചിട്ടുണ്ട്.
സിർസ ആസ്ഥാനമായ ദേര സച്ചാ സൗദ ആശ്രമത്തിെൻറ തലവനായ റാം റഹീം സിങ്ങിെൻറ ആയിരക്കണക്കിന് അനുയായികളാണ് കഴിഞ്ഞദിവസം ആക്രമണാസക്തരായി തെരുവിലിറങ്ങിയത്. ട്രെയിനും ബസും മറ്റ് വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയ ആക്രമികൾ മണിക്കൂറുകൾ പൊതുമുതൽ നശിപ്പിച്ച് അഴിഞ്ഞാടി. ഇവരെ നേരിടാൻ പൊലീസിന് ആകാശത്തേക്ക്വെടിയുതിർക്കേണ്ടിവന്നു. ഹരിയാനയിലെ പഞ്ച്കുള കോടതിയിൽനിന്ന് വിധി വന്നയുടൻ തുടങ്ങിയ കലാപം സംസ്ഥാനത്തിെൻറ മറ്റ് ഭാഗങ്ങളിലേക്കും തുടർന്ന് പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു.
ഡൽഹിയിൽ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഏഴു സ്ഥലങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. നാല് ബസുകൾ അഗ്നിക്കിരയാക്കി. അക്രമങ്ങളെത്തുടർന്ന് റെയിൽവേ നൂറുകണക്കിന് സർവിസുകൾ റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ വിളിച്ച് അതൃപ്തി അറിയിച്ചു. പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിൽ സെപ്റ്റംബർ എട്ടുവരെയാണ് നിരോധനാജ്ഞ. അക്രമം വ്യാപകമായതോടെ റാം റഹീമിെൻറ സ്വത്തുകൾ പിടിെച്ചടുത്ത് നഷ്ടപരിഹാരം ഇൗടാക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.