മുംബൈ: നന്ദേഡ് ആശുപത്രിയിൽ 31 പേർ മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര സർക്കാറിന്‍റെ ക്രിമിനൽ അനാസ്ഥയെന്ന് കോൺഗ്രസ് ആരോണം. പത്രസമ്മേളനത്തിനിടെയാണ് കോൺഗ്രസ് നേതാവ് അജോയ് കുമാർ മഹാരാഷ്ട്ര സർക്കാറിനെ വിമർശിച്ച് സംസാരിച്ചത്. മരണകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും മരുന്നുകളുടെ ക്ഷാമത്തെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണെന്ന് അജോയ് കുമാർ കൂട്ടിച്ചേർത്തു.
നന്ദേഡിൽ മരുന്നുകളുടെ അഭാവം നിരവധി പേരാണ് മരണപ്പെട്ടത്. മഹാരാഷ്ട്ര സർക്കാരിന്റെ ഗുരുതരവും കുറ്റകരവുമായ അശ്രദ്ധയാണ് കുട്ടികളുൾപ്പെടെ നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കിയതെന്നും അജോയ് ആരോപിച്ചു. നാല് മാസം മുമ്പ് സർക്കാർ മരുന്ന് വിതരണക്കാരനെ മാറ്റിയതിനാൽ രോഗികൾക്ക് മരുന്ന് വാങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സെപ്തംബർ 30 മുതൽ മധ്യ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഡോ.ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ശിശുക്കൾ ഉൾപ്പെടെ 31 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബർ 2 മുതൽ 3 വരെയുള്ള 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങളാണ് സംഭവിച്ചത്. ഇതേ തുടർന്നുണ്ടായ വ്യാപക പ്രതിക്ഷേധത്തിൽ ഹിംഗോളി എം.പി ചൊവ്വാഴ്ച ഡോ ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
മരണപ്പെട്ട രോഗികളുടെ ബന്ധുക്കൾ ആശുപത്രിയിലെ അശ്രദ്ധയും മരുന്നുകളുടെ കുറവും ആരോപിച്ച് ഇതിനോടകം രംഗത്തെത്തിയുരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉടൻ മരണകാരണം കണ്ടെത്തുമെന്നും അടുത്ത 15ദിവസത്തിനകം ആശുപത്രിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്‌രിഫ് അറിയിച്ചു. ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്നും ആരുടെയെങ്കിലും അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെങ്കിൽ ആ വ്യക്തിക്കെതിരെ നടപടിയെടുക്കുമെന്നും മുഷ്‌രിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.