മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. കോവിഡ് നിയന്ത്രണവിധേയമായി 55ദിവസത്തിനു ശേഷം വെള്ളിയാഴ്ച 33 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഏഴുലക്ഷത്തിലധികം പേർ തിങ്ങിപാർക്കുന്ന ധാരാവിയിൽ രണ്ടുമാസമായി വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. രോഗബാധിതരുടെ എണ്ണം ഉയരുന്നത് ധാരാവിയെ വീണ്ടും ആശങ്കയിലാക്കുന്നു.
ആദ്യഘട്ടത്തിൽ ധാരാവിയിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നെങ്കിലും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതോടെ ജൂൺ അവസാനത്തോടെ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തുകയായിരുന്നു. കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയതും വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചതും രോഗബാധിതരുടെ എണ്ണം ഉയരാൻ ഇടയാക്കി.
നിലവിൽ ധാരാവിയിൽ 124 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2883 പേർക്ക് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചു. 270 മരണവും ധാരാവിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
'ധാരാവിയിൽ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിരുന്നു. ഇതോടെ കുടിേയറ്റ തൊഴിലാളികൾ മടങ്ങിയെത്തിയ സാഹചര്യത്തിൽ ചെറിയ റസ്റ്ററൻറുകളും വ്യവസായ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു. കൂടാതെ ഗ്രാമവാസികൾ മടങ്ങിയെത്തി ഗണേശോത്സവം ഉൾപ്പെടെ ആഘോഷിക്കുകയും ചെയ്തു. ഇത് രോഗബാധിതരുടെ എണ്ണം ഉയരാൻ ഇടയാക്കി' മെഡിക്കൽ ഓഫിസർ ഡോ. വിരേന്ദ്ര മോഹിതെ പറഞ്ഞു.
ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യമായി രോഗം സ്ഥിരീകരിച്ച വ്യക്തി മരിക്കുകയും ചെയ്തിരുന്നു. നാലുദിവസങ്ങൾക്ക് ശേഷം ധാരാവിയിൽ വലിയ ക്ലസ്റ്ററുകൾ രൂപപ്പെടുകയായിരുന്നു. പിന്നീട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇതോടെ ധാരാവി മറ്റു രാജ്യങ്ങൾക്കും ഇന്ത്യക്കും മികച്ച മാതൃകയായി ഉയർത്തികാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.