ജമ്മു-കശ്മീരിൽ ഉയർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ വീരമൃത്യു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ ഹന്ദ്വാര പ്രദേശത്തെ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് കേണൽ അശുതോഷ് ശർമ, മേജർ അനുജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേഷ്, ജമ്മു-കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടർ സഗീർ അഹമ്മദ് പത്താൻ എന്നിവർക്ക് ജീവൻ നഷ്ടമായത്.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായി നീണ്ട ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരിൽ ഒരാളായ ഹൈദർ പാകിസ്താൻ പൗരനും ലഷ്കറെ ത്വയിബ കമ്മാൻഡറുമാണെന്ന് സൈന്യം അറിയിച്ചു. ഹന്ദ്വാര പ്രദേശത്തെ വീട്ടിൽ ജനങ്ങളെ ഭീകരർ ബന്ദികളാക്കിയതിനെ തുടർന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ എത്തിയത്.
ബന്ദികളാക്കിയവരെ സുരക്ഷ ഉദ്യോഗസ്ഥർ മോചിപ്പിച്ചു. ഇതിനിടെ, അഞ്ച് ധീര സേനാനികൾക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിൽനിന്ന് നുഴഞ്ഞുകയറുന്ന തീവ്രവാദികളെ സ്വീകരിക്കാനായാണ് ഭീകരർ എത്തിയതെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസറായ കേണൽ അശുതോഷ് ശർമക്ക് രണ്ട് പ്രാവശ്യം ധീരതക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.
കേണലിെൻറ മൃതദേഹം ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലേക്കും മേജർ സൂദിെൻറ മൃതദേഹം ചണ്ഡിഗഢിലേക്കും കൊണ്ടുപോകും. രാജ്യരക്ഷക്കായുള്ള പോരാട്ടത്തിൽ അവരുടെ വീര്യവും ത്യാഗവും ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അർപ്പണബോധത്തോടെ രാജ്യത്തെ സേവിച്ച സുരക്ഷ ഉദ്യോഗസ്ഥരുടെ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായും മോദി പറഞ്ഞു. ഏറെ അസ്വസ്ഥതയും വേദനയുമുളവാക്കുന്നതാണ് കശ്മീരിലെ സംഭവമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.